

യുഎസിനു മുന്നിൽ രണ്ടു വഴികൾ മാത്രമെന്ന് ഇറാൻ ഇന്‍റലിജൻസ്
ടെഹ്റാൻ: അന്താരാഷ്ട്ര നയതന്ത്ര രംഗത്തുണ്ടായ മാറ്റങ്ങൾ അമെരിക്കയെ പ്രതിരോധത്തിൽ ആക്കിയെന്നും വാഷിങ്ടണിന്‍റെ തീരുമാനങ്ങൾ എടുക്കാനുള്ള സാഹചര്യം ഇടുങ്ങിയതായും ഐആർജിസിയുടെ ഇന്‍റലിജൻസ് വിഭാഗം. ഇപ്പോളത്തെ സാഹചര്യത്തിൽ അമെരിക്കൻ പ്രസിഡന്‍റിനു മുന്നിൽ രണ്ടു വഴികൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഒന്നുകിൽ അസാധ്യമായ ഒരു സൈനിക നീക്കം നടത്തുക, അല്ലെങ്കിൽ ഇറാനുമായി മോശം കരാറിൽ ഏർപ്പെടുക എന്നിവയാണ് അവയെന്നാണ് ഐആർജിസി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കിയത്.
അമെരിക്കൻ നാവിക ഉപരോധം അവസാനിപ്പിക്കാൻ ഇറാൻ നൽകിയ ഒരു മാസത്തെ സമയപരിധിയും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളിൽ വാഷിങ്ടണിനെതിരേ ഉണ്ടായിരിക്കുന്ന മാറ്റവുമാണ് ഇറാന്‍റെ ഈ അവകാശവാദത്തിന് ആധാരം.
അന്താരാഷ്ട്ര തലത്തിൽ അമെരിക്ക ഒറ്റപ്പെടുകയാണെന്നും നയതന്ത്ര ചർച്ചകളിൽ ഇറാന്‍റെ സ്വാധീനം വർധിച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇറാനിയൻ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. നിലവിലെ ആഗോള സാഹചര്യങ്ങൾ വാഷിങ്ടണിനെ ഒരു കോണിലേയ്ക്ക് തള്ളി വിട്ടിരിക്കുകയാണെന്നാണ് ഇറാന്‍റെ വാദം.
യുഎസിന്‍റെ സൈനികവും നയതന്ത്രപരവുമായ നീക്കങ്ങൾ പരിമിതപ്പെട്ടതായും അത് ഇറാന് അനുകൂലമായ സാഹചര്യം ഒരുക്കിയതായും ഐആർജിസി അവകാശപ്പെടുന്നു. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ഈ പ്രസ്താവനയെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര നിരീക്ഷകർ നോക്കിക്കാണുന്നത്. അമെരിക്ക ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് മേഖലയിലെ സമാധാന അന്തരീക്ഷത്തിൽ നിർണായകമാകും.