
റൂവൻ അസർ
ന്യൂഡൽഹി: 2023 ഒക്റ്റോബർ ഏഴിന് ഹമാസ് നടത്തിയതിനു സമാനമായ ആക്രമണമാണു പഹൽഗാമിൽ ഭീകരർ നടത്തിയതെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ. രണ്ടു സംഭവങ്ങളിലും സമാനതകളുണ്ട്.
നിരായുധരും നിഷ്കളങ്കരുമായ ആളുകളെയാണ് ഭീകരർ ലക്ഷ്യമിട്ടത്. ഭീകര സംഘടനകൾ തമ്മിൽ സഹകരണം വർധിച്ചുവരികയാണെന്നും അസർ ചൂണ്ടിക്കാട്ടി.
ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1100 പേർ കൊല്ലപ്പെട്ടിരുന്നു. 200ലേറെ പേരെ ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. പഹൽഗാം ആക്രമണത്തിൽ ഹമാസിനുള്ള പങ്കും സംശയിക്കേണ്ടിയിരിക്കുന്നെന്നു റൂവൻ അസർ. അടുത്തിടെയാണ് ഹമാസ് നേതാക്കൾ പാക് അധീന കശ്മീരിലെത്തി ജയ്ഷ് ഇ മുഹമ്മദ് കമാൻഡർമാർ ഉൾപ്പെടെ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത്.
ഭരണകൂടങ്ങൾ ഭീകരപ്രവർത്തനത്തെ സ്പോൺസർ ചെയ്യുന്നതു ലോകത്തിനു മുന്നിൽ തുറന്നുകാണിക്കേണ്ടതുണ്ട്. ഭീകരർക്ക് പണവും രഹസ്യാന്വേഷണ വിവരങ്ങളും ആയുധങ്ങളും നൽകുന്ന ഒരു നിര രാജ്യങ്ങളുണ്ടെന്നും റൂവൻ അസർ ചൂണ്ടിക്കാട്ടി.
പഹൽഗാം ആക്രമണത്തിനു തിരിച്ചടി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഊർജം നൽകുന്നതാണെന്നും ഇസ്രയേൽ അംബാസഡർ.