
ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത അടച്ചതിൽ പാക്കിസ്ഥാന് നഷ്ടം 125 കോടി രൂപ
file image
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പാക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏപ്രിൽ 24 മുതൽ ജൂൺ 20 വരെ ഇന്ത്യൻ വിമാനങ്ങളെ കടത്തിവിടാത്തതിനാൽ 125 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ. ദിവസേന 100 മുതൽ 150 വിമാനങ്ങളുടെ സർവീസാണ് തടസപ്പെട്ടത്. ഇത് മൊത്തം വ്യോമ ഗതാഗതത്തിൽ 20 ശതമാനം ഇടിവുണ്ടാക്കി. ഇത് ഓവർ ഫ്ലൈയിങ് ഫീസിലുള്ള വരുമാനം കുറച്ചു. ഇതുമൂലം ഇന്ത്യ രൂപ 125 കോടിയുടെ(പാക്കിസ്ഥാൻ രൂപ- 400 കോടി) നഷ്ടമാണ് ഉണ്ടായത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്രമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 23 ന് ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതിന് തിരിച്ചടിയായിട്ടാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്.
അതേസമയം, ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമ പാത ഓഗസ്റ്റ് 23 വരെ അടച്ചിടുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. ഇതിനു തിരിച്ചടിയായി പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ആഭ്യന്തര വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യ ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി അറിയിച്ചു.