തിരിച്ചടിച്ച് പാക്കിസ്ഥാൻ: ഇറാനിലേക്ക് പാക് വ്യോമാക്രമണം, 9 പേർ മരിച്ചു

പശ്ചിമേഷ്യയ്ക്കു പിന്നാലെ ബലൂചിസ്ഥാനും സംഘർഷത്തിലേക്ക്
Pakistan airstrikes on Iran, 9 dead
Pakistan airstrikes on Iran, 9 dead

ഇസ്‌ലാമാബാദ്: ഇറാന്‍റെ മിസൈലാക്രമണത്തിന് പാക്കിസ്ഥാൻ തിരിച്ചടി നൽകിയതോടെ ബലൂചിസ്ഥാൻ മേഖല കൂടി സംഘർഷത്തിലേക്ക്. ഇറാനിലെ സിസ്താൻ- ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏഴിടങ്ങളിലായി പാക്കിസ്ഥാൻ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ടെഹ്റാനിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധമറിയിച്ചു.

ഇസ്രയേൽ- ഹമാസ് യുദ്ധവും ചെങ്കടലിലെ ഹൂതികളുടെ ആക്രമണവും തുടരുന്നതിനിടെയാണ് ഇറാൻ- പാക് സംഘർഷം. പാക്കിസ്ഥാന്‍റെ ബലൂചിസ്ഥാൻ മേഖലയിലെ ഭീകരരുടെ താവളങ്ങൾക്കു നേരെ കഴിഞ്ഞദിവസം ഇറാൻ സേന മിസൈലാക്രമണം നടത്തിയിരുന്നു. രണ്ടു കുഞ്ഞുങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും പരമാധികാരത്തിലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ഇന്നലെ തിരിച്ചടിക്കുകയായിരുന്നു.

ഇറാനിലെ സിസ്താൻ- ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങൾക്കു നേരെ ഇന്നലെ രാവിലെ 6ന് തങ്ങൾ വ്യോമാക്രമണം നടത്തിയെന്നാണു പാക്കിസ്ഥാൻ അറിയിച്ചത്. മാർഗ് ബാർ സർമാചാർ (ഗറില്ലകൾക്ക് മരണം) എന്ന പേരിലാണ് ആക്രമണം നടത്തിയതെന്നും ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളാണു തകർത്തതെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതേസമയം, ആക്രമണത്തെക്കുറിച്ചു ടെഹ്റാനിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയെന്ന് ഇറാൻ വിദേശകാര്യ വക്താവ് നാസർ കാനനി പറഞ്ഞു. സിസ്താൻ- ബലൂചിസ്ഥാൻ പ്രവിശ്യയിൽ 9 പേർ കൊല്ലപ്പെട്ടതായി ഗവർണർ അലിറെസ മർഹമതിയെ ഉദ്ധരിച്ച് പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു. ഇവർ ഇറാന്‍റെ പൗരന്മാരല്ലെന്നും കൊല്ലപ്പെട്ടവരിൽ 4 സ്ത്രീകളും 3 കുട്ടികളുമുണ്ടെന്നും ചാനൽ. പ്രവിശ്യാതലസ്ഥാനമായ സഹെദന് 347 കിലോമീറ്റർ തെക്കുപടിഞ്ഞാറ് സരാവൻ നഗരത്തിൽ വൻ സ്ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുണ്ട്.

ഭീകരരുടെ സുരക്ഷിത കേന്ദ്രങ്ങളെക്കുറിച്ച് പല തവണ ഇറാനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണു പാക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാദം. ഇറാനിൽ സുരക്ഷിതരായി കഴിയുന്ന ഗറില്ലകൾ പാക്കിസ്ഥാനിലെ നിരപരാധികളുടെ രക്തം ചിന്തുന്നുവെന്നും പാക്കിസ്ഥാൻ പറയുന്നു.

നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനിൽ ആക്രമണത്തിനു നിർബന്ധിതരായതെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. സ്വയം പ്രതിരോധിക്കാനുള്ള അവകാശമാണ് ഉപയോഗിച്ചതെന്നും ഇറാൻ പറഞ്ഞു. സുന്നി ഭീകരസംഘടനയായ ജയ്ഷ് അൽ അദിൽ, ജയ്ഷ് അൽ ദുലം എന്നീ സംഘടനകൾക്കെതിരേയായിരുന്നു ഇറാന്‍റെ ആക്രമണം. നേരത്തേയും പാക് അതിർത്തിയിലെ ഭീകര കേന്ദ്രങ്ങൾക്കെതിരേ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്.

അതിനിടെ, ഇറാൻ സഹോദര രാഷ്‌ട്രമാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും പാക് പ്രസിഡന്‍റ് ആരിഫ് അൽവി പറഞ്ഞു. എന്നാൽ, പാക്കിസ്ഥാന്‍റെ പരമാധികാരത്തിലും ദേശീയ സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം.

Trending

No stories found.

Latest News

No stories found.