
പാക്കിസ്ഥാനിൽ മിന്നൽപ്രളയം; 24 മണിക്കൂറിനിടെ 18 മരണം
പെഷാവർ (പാക്കിസ്ഥാന്‍): വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ 8 പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ 24 മണിക്കൂറിനിടെ മഴ മൂലമുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. മിന്നൽ പ്രളയത്തിൽ നിരവധി വിനോദസഞ്ചാരികൾ ഒലുച്ചുപോയതായും കണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
സ്വാതിലെ നദിയിൽ കനത്ത മഴയെത്തുടർന്ന് അതിവേഗം ജലനിരപ്പുയരുകയായിരുന്നു. 58 ഓളം പേരെ രക്ഷപ്പെടുത്താനായെന്നും നൂറോളം വരുന്ന പ്രവർത്തകരുടെ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും അടിയന്തര സേവന വക്താവ് ഷാ ഫഹദ് അറിയിച്ചു. സ്വാത് നദിയിൽ മിന്നൽപ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് പാക്കിസ്ഥാന്‍ സർക്കാർ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ദുരിതസാഹചര്യത്തിൽ ഈ നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വെള്ളപ്പൊക്കം വേഗത്തിൽ ഉയർന്നതിനാൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് രക്ഷയ്ക്കായി നിലവിളിക്കുന്നവരുടെ ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പാക്കിസ്ഥാനിൽ അടുത്ത ആഴ്ച മുഴുവൻ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചനം. സാധാരണയായി ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് പാക്കിസ്ഥാനിലെ പ്രതിവർഷ മൺസൂൺ കാലയളവ്. ഈ ആഴ്ച ആദ്യം മുതലുണ്ടായ കനത്തമഴയിൽ പാക്കിസ്ഥാന്‍റെ ചില ഭാഗങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വിനോദസഞ്ചാരികളുടെ അടക്കമുള്ള മരണത്തിൽ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തുകയും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങൾക്കും സമീപമുള്ള സുരക്ഷ കൂട്ടാനും നിർദേശം നൽകി.