നദീജലത്തർക്കം: ഭീഷണി മുഴക്കിയ പാക് മന്ത്രി ഇന്ത്യയിലേക്ക്

സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ ഭീഷണി മുഴക്കിയ മന്ത്രി; ഓപ്പറേഷൻ സിന്ദൂരിനു ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് മന്ത്രിയാകും
Pakistan Names Musadik Malik for SCO Cultural Forum in Delhi

ഡോ. മുസാദിഖ് മാലിക്, പാക്കിസ്ഥാൻ മന്ത്രി.

File

Updated on: 

ന്യൂഡൽഹി: ഈയാഴ്ച അവസാനം ഡൽഹിയിൽ ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) സാംസ്കാരിക സമ്മേളനത്തിൽ പ്രതിനിധിയായി പാക്കിസ്ഥാൻ അയയ്ക്കുന്നത് സിന്ധു നദീജലക്കരാർ മരവിപ്പിച്ചതിന് ഇന്ത്യയ്ക്കെതിരേ ഭീഷണിമുഴക്കിയ മന്ത്രിയെ. 20 മുതലാണു സമ്മേളനം. കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. മുസാദിഖ് മാലിക്കിനെയാണു പാക്കിസ്ഥാൻ പ്രതിനിധിയായി നിർദേശിച്ചിരിക്കുന്നത്.

സന്ദർശനം യാഥാർഥ്യമായാൽ, മൂന്നു വർഷത്തിലേറെയായി നിലച്ച നയതന്ത്ര ഇടപാടുകൾക്കും ‌'ഓപ്പറേഷൻ സിന്ദൂറിനും' ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് മന്ത്രിയാകും മാലിക്ക്. ഇന്ത്യയ്ക്കെതിരേ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന പാക് നേതാവാണു മാലിക്. 'ഞങ്ങളുടെ വെള്ളത്തിൽ ആരെങ്കിലും കൈവച്ചാൽ, ആ കൈ ഞങ്ങൾ വെട്ടിയെടുക്കും' എന്ന മാലിക്കിന്‍റെ പരാമർശം വലിയ വിവാദമായിരുന്നു.

തീവ്ര നിലപാടുള്ള നേതാവിനെ തന്നെ സമ്മേളനത്തിന് അയയ്ക്കുന്നതു പാക്കിസ്ഥാന്‍റെ ഗൂഢ തന്ത്രത്തിന്‍റെ ഭാഗമെന്നാണു വിലയിരുത്തൽ. സാധാരണഗതിയിൽ സാംസ്കാരിക മന്ത്രിയോ പ്രതിനിധിയോ ആണ് ഇത്തരം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്.

പാക് സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെയായിരുന്നു ഇന്ത്യ ക്ഷണിച്ചിരുന്നത്. എന്നാൽ, ജലവിഭവ വിഷയങ്ങളിൽ ഇന്ത്യയ്ക്കെതിരേ കടുത്ത നിലപാടെടുക്കുന്ന മന്ത്രിയെ അയക്കുന്നതിലൂടെ സിന്ധു നദീജലക്കരാർ തർക്കം ഇന്ത്യൻ മണ്ണിൽ തന്നെ ഉന്നയിക്കാനാണ് പാക്കിസ്ഥാന്‍റെ നീക്കം. സാംസ്കാരിക വേദിയെ രാഷ്‌ട്രീയവത്കരിക്കാനുള്ള പാക് ശ്രമത്തെ ഇന്ത്യ എങ്ങനെയാകും പ്രതിരോധിക്കുക എന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.

20 മുതൽ 22 വരെ ഡൽഹിയിലെ പുരാന കിലയിലാണ് പ്രഥമ എസ്‌സിഒ സാംസ്കാരിക സംവാദ ഫോറം നടക്കുന്നത്. 20ന് ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്ഷണിക്കപ്പെട്ട 25 രാജ്യങ്ങളിൽ ചൈന, ഇറാൻ, കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ബെലാറസ്, നേപ്പാൾ, അർമേനിയ, സൗദി അറേബ്യ, കംബോഡിയ എന്നിവയുൾപ്പെടെ 15ലധികം രാജ്യങ്ങൾ ഇതിനകം പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.