ഇന്ത്യയെ പേടിച്ച് പാക്കിസ്ഥാൻ ആണവായുധ ശേഖരം നവീകരിക്കുന്നു

ചൈനയുടെ സൈനിക-സാമ്പത്തിക സഹായത്തോടെ പാക്കിസ്ഥാൻ തങ്ങളുടെ ആണവായുധ ശേഖരം ആധുനികീകരിക്കുന്നതായി യുഎസ് റിപ്പോർട്ട്
Pakistan renovates nuclear weapons programme in fear of India

ഇന്ത്യയെ പേടിച്ച് പാക്കിസ്ഥാൻ ആണവായുധ ശേഖരം നവീകരിക്കുന്നു

Representative image

Updated on

ന്യൂഡൽഹി: ചൈനയുടെ സൈനിക-സാമ്പത്തിക സഹായത്തോടെ പാക്കിസ്ഥാൻ തങ്ങളുടെ ആണവായുധ ശേഖരം ആധുനികീകരിക്കുന്നതായി യുഎസ് റിപ്പോർട്ട്. ആണവായുധങ്ങളുടെ സൂക്ഷിപ്പിന് ഇന്ത്യയിൽ നിന്നു കടുത്ത ഭീഷണിയുയരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നു യുഎസ് ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി തയാറാക്കിയ ആഗോള ഭീഷണി വിലയിരുത്തൽ (ഡബ്ല്യുടിഎ) റിപ്പോർട്ടിൽ പറയുന്നു.

വരും വർഷങ്ങളിലേക്കുള്ള പാക് സൈന്യത്തിന്‍റെ പ്രധാന മുൻഗണനകളിൽ അയൽക്കാരുമായി അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകൾ, ആണവായുധ ശേഖരത്തിന്‍റെ തുടർച്ചയായ നവീകരണം എന്നിവ ഉൾപ്പെടുത്തുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ആണവസാമഗ്രികളുടെ സുരക്ഷ, ആണവ കമാൻഡ്- കൺട്രോൾ സെന്‍ററിന്‍റെ നവീകരണം തുടങ്ങിയവയാണു പരിഗണിക്കുന്നത്.

കൂട്ടനശീകരണായുധങ്ങൾ വികസിപ്പിക്കാനുള്ള സാമഗ്രികളും സാങ്കേതിക വിദ്യയും പാക്കിസ്ഥാൻ ചൈനയിൽ നിന്നു വാങ്ങിയതായും റിപ്പോർട്ടിൽ പറയുനന്നു. ഹോങ്കോങ്, സിംഗപ്പുർ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഇതിൽ ചില കൈമാറ്റങ്ങൾ നടന്നത്. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനക്കാർക്കെതിരേ ഭീകരാക്രമണങ്ങൾ നടന്നതോടെ ബന്ധത്തിൽ ഉലച്ചിലുണ്ടായെങ്കിലും സൈനിക സഹായത്തിന് പാക്കിസ്ഥാൻ പ്രധാനമായി ആശ്രയിക്കുന്നത് ചൈനയെ തന്നെയാണ്.

ഇന്ത്യ തങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാണെന്നാണ് പാക്കിസ്ഥാൻ കരുതുന്നത്. ഇന്ത്യയ്ക്കു സ്വതവേയുള്ള സൈനിക മേധാവിത്വത്തെ നേരിടാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതുൾപ്പെടെ സൈനിക നവീകരണ ശ്രമങ്ങൾ പാക്കിസ്ഥാൻ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് പാക്കിസ്ഥാന്‍റെ ആണവായുധം സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസ് ഇന്ത്യ ആക്രമിച്ചെന്നും ആണവശേഖരം തകർത്തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യം നിഷേധിച്ചു.

ചൈനീസ് സ്വാധീനത്തെ നേരിടാൻ ഇന്ത്യൻ സമുദ്ര മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണെന്നും യുഎസ് റിപ്പോർട്ടിലുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിന് അയവുണ്ടാകുകയും ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കുകയും ചെയ്തെങ്കിലും അഥിർത്തി കൃത്യമായി നിർണയിക്കുന്നതുൾപ്പെടെ തർക്കങ്ങൾ അവശേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിരോധ രംഗത്ത് സ്വാശ്രയത്വത്തിനുള്ള ഉദ്യമത്തിലാണ് ഇന്ത്യ. വിതരണ ശൃംഖലകളിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും സൈന്യത്തെ ആധുനികീകരിക്കാനുമാണ് അവരുടെ ശ്രമം. അഗ്നി 1 പ്രീമിയം മധ്യദൂര ബാലിസ്റ്റിക് മിസൈൽ, ആധുനിക സംവിധാനങ്ങളോടു കൂടിയ അഗ്നി 5 മിസൈൽ, രണ്ടാം ആണവ അന്തർവാഹിനി എന്നിവയുടെ നിർമാണത്തിലാണ് ഇന്ത്യ. റഷ്യയുമായി ഇന്ത്യയുടെ പ്രതിരോധ സഹകരണം തുടരുമെന്നും യുഎസ് വിലയിരുത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com