
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക്കിസ്ഥാൻ സുപ്രീം കോടതി. അറസ്റ്റ് നിയമവിരുദ്ധമെന്നും ഇമ്രാനെ ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവിട്ട കോടതി മുൻപ്രധാനമന്ത്രിയോട് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകാനും നിർദേശിച്ചു. കോടതിക്ക് ഉള്ളിൽ നിന്ന് ആരേയും അറസ്റ്റ് ചെയ്യരുതെന്നും മറ്റു പ്രശനങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കന്‍ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ഇമ്രാനോട് നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് ഉമർ അത ബണ്ഡ്യാലിന്റെതാണ് ഉത്തരവ്. അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയിലായിരുന്നു ഇമ്രാന്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇമ്രാനെ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണമെന്നും കോടതി അപ്പോൾ വീണ്ടും ചേരുമെന്നും ഇന്നുച്ചയ്ക്കു ശേഷം മൂന്നരയോടെ കോടതി നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി)യോടു നിർദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോടതിയിൽ ഇരച്ചുകയറി പാക് അർധസൈനിക വിഭാഗം നടത്തിയ അറസ്റ്റിൽ രോഷം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകണമെന്നും അവിടെ നിന്നുള്ള തീർപ്പ് എന്തായാലും അംഗീകരിക്കണമെന്നും ഇമ്രാനോട് നിർദേശിച്ചു. പ്രധാനമന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസിലാണ് ഇമ്രാനെതിരേ നടപടി.