

പ്രതീകാത്മക ചിത്രം
മുസഫറാബാദ്: പാക് അധീന കശ്മീരിൽ (പിഒകെ) നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത പ്രതിഷേധക്കാർക്ക് നേരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. 50ലധികം പേർക്ക് പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ റാവൽക്കോട്ട് മേഖലയിലാണ് വെടിവയ്പ്പ് നടന്നത്.
ജൂൺ അഞ്ച് മുതൽ പിഒകെയിൽ നിയമസഭാ തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് പ്രതിഷേധം നടക്കുകയാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് നേതൃത്വം നൽകുന്ന ജോയിന്‍റ് അവാമി ആക്ഷൻ സമിതി കോർ കമ്മിറ്റി അംഗവും വക്താവുമായ ഉമർ നസീർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീറും കൊല്ലപ്പെട്ടവരിലുണ്ട്. ജനക്കൂട്ടത്തിന് നേർക്ക് പാക്കിസ്ഥാൻ സൈന്യം കനത്ത വെടിവയ്പ്പ് നടത്തുകയായിരുന്നു. റോഡുകളിൽ മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന അവാമി ആക്ഷൻ സമിതിയുടെ അംഗങ്ങളെയാണ് ഇപ്പോൾ പാക് സൈന്യം പ്രധാനമായി ലക്ഷ്യമിടുന്നത്.
പ്രതിഷേധം ആരംഭിച്ചതിനു പിന്നാലെ 80 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 14000ത്തിലധികം സായുധ സൈനികരെയാണ് പാക്കിസ്ഥാൻ പിഒകെയിലേക്ക് അയച്ചിരിക്കുന്നത്. നിരവധി ഇടങ്ങളിൽ സ്നൈപ്പർമാരെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ തുറന്ന വെടിവയ്പ്പ് നടത്താനാണ് സൈനികർക്ക് നൽകിയിരിക്കുന്ന ഉത്തരവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. പിഒകെയിലെ 45 സീറ്റുകളിലേക്ക് മൂന്ന് ഘട്ടമായി ഓഗസ്റ്റ് 10 വരെയാണ് തെരഞ്ഞെടുപ്പ്. ആകെയുള്ള 53 സീറ്റുകളിൽ 45 എണ്ണത്തിലാണ് നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന എട്ട് സീറ്റുകൾ വനിതകൾക്കും മറ്റും റിസർവ് ചെയ്തിരിക്കുന്നതാണ്.