
ന്യൂയോര്‍ക്ക്: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നുവിനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ഇന്ത്യക്കാരന്‍ നിഖില്‍ ഗുപ്തക്കെതിരായ തെളിവുകള്‍ ഹാജരാക്കാൻ സാധിക്കില്ലെന്നറിയിച്ച് അമേരിക്ക.
നിഖിൽ ഗുപ്തയുടെ അപേക്ഷ നിരസിക്കണമെന്ന നിലപാടിലാണ് സർക്കാർ. പ്രതി കോടതി മുൻപാകെ ഹാജരാകുകയും വിചാരണ ആരംഭിക്കുകയും ചെയ്യുന്ന സമയത്ത് തെളിവുകൾ സമർപ്പിക്കാം അല്ലാത്തപക്ഷം തെളിവുകൾ നൽകേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നിഖിൽ ഗുപ്തയ്ക്കെതിരായ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്കുള്ള മറുപടിയായിട്ടാണ് യുഎസ് സർക്കാർ ഇക്കാര്യം അറിയിച്ചത്. നിഖില്‍ ഗുപ്തയ്‌ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജനുവരി 4 നാണ് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഉത്തരവിന്‍റെ തീയതി മുതല്‍ 3 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് യുഎസ് ജില്ലാ ജഡ്ജി വിക്ടര്‍ മാരേറോ നിര്‍ദേശിച്ചിട്ടുള്ളത്.
ന്യൂയോർക്കിൽ വച്ച് ഗുർപത്വന്ത് പന്നുനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ നിഖിൽ ഗുപ്ത നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുകയാണ്. 2023 നവംബർ 29-നാണ് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന കണ്ണിയെന്ന് പറഞ്ഞ് നിഖിൽ ഗുപ്തയ്‌ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയതായി പ്രഖ്യാപിക്കുന്നത്.