ഗർഭിണിയായ 19കാരിയെ മർദിച്ചും വിഷം നൽകിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി; ഇറാനിൽ മാതാപിതാക്കൾ അറസ്റ്റിൽ

യുവതിയുടെ മാതാപിതാക്കളായ വോറിയ ഫത്താഹി, ലൈല വെയ്സ് എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു
Helia Fatahi

ഹെലിയ ഫത്താഹി

Updated on: 

ടെഹ്റാൻ: ഇറാനിൽ ഗർഭിണിയായ 19കാരിയെ സ്വന്തം മാതാപിതാക്കൾ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കുടുംബത്തിന്‍റെ അഭിമാനത്തിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ചുള്ള ദുരഭിമാനക്കൊലയാണിതെന്നാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് നഗരത്തിലാണ് സംഭവം.

ഹെലിയ ഫത്താഹി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രണ്ട് മാസം ഗർഭിണിയായിരുന്ന യുവതി ഒരു യുവാവുമായുള്ള ബന്ധത്തെ തുടർന്നാണ് ഗർഭിണിയായതെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കൾ ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്.

യുവതിയുടെ മാതാപിതാക്കളായ വോറിയ ഫത്താഹി, ലൈല വെയ്സ് എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി ഇറാൻ ഇന്‍റർനാഷനലിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

നവംബർ 21ന് മാതാപിതാക്കൾ യുവതിക്കെതിരേ പരാതി നൽകാനായി കോടതിയിലെത്തിയിരുന്നു. വീട്ടിൽ തിരിച്ചെത്തിയശേഷം ഏകദേശം 30 അപസ്മാരപ്രതിരോധ ഗുളികകൾ യുവതിയെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചു. തുടർന്ന് ക്രൂരമായി മർദിച്ചു. എന്നിട്ടും മരിക്കാതിരുന്നതോടെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹെൻഗാവ് എന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഹെൻഗാവ്, ഹാന എന്നീ മനുഷ്യാവകാശ സംഘടനകൾ സംഭവത്തെ ദുരഭിമാനക്കൊലയെന്ന് വിശേഷിപ്പിച്ചു. ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് ഫലപ്രദമായ നിയമങ്ങൾ നടപ്പാക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടതായി ഹെൻഗാവ് കുറ്റപ്പെടുത്തി. ദുരഭിമാനക്കൊലകൾക്ക് ലഭിക്കുന്ന ലഘുവായ ശിക്ഷകളും നിയമത്തിലെ പഴുതുകളും സ്ത്രീകളെ അക്രമങ്ങൾക്ക് ഇരയാക്കുന്ന സാഹചര്യം ശക്തിപ്പെടുത്തുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഇറാനിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ സ്ത്രീ

ഇറാനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ സ്ത്രീയാണ് ഹെലിയ ഫത്താഹി. നവംബർ 18ന് ഗിലാൻ പ്രവിശ്യയിൽ 23കാരിയായ സദഫ് ഹഖ്ബിൻ ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മുൻ കാമുകനാണ് യുവതിയെ വെടിവെച്ചുകൊന്നതെന്നാണ് റിപ്പോർട്ട്.

ഇതിന് മുൻപ് കെർമാൻഷാ പ്രവിശ്യയിൽ 16കാരിയായ സ്കൂൾ വിദ്യാർഥിനി സൊഗന്ദ് സയാദി കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചിരുന്നു. പിതാവിനൊപ്പം വീട്ടിലേക്ക് അയച്ചാൽ അദ്ദേഹം തന്നെ കൊലപ്പെടുത്തുമെന്ന് വിദ്യാർഥിനി സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അധ്യാപക യൂണിയനുകളുടെ ദേശീയ സംഘടന വെളിപ്പെടുത്തിയിരുന്നു.