

മഡുറോയെ വിലങ്ങു വച്ച് ന്യൂയോർക്കിലേയ്ക്ക് കൊണ്ടു വരുന്നു
file photo
വാഷിങ്ടൺ: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അവരുടെ കൊട്ടാരത്തിൽ നിന്നു തട്ടിക്കൊണ്ടു പോകാൻ യുഎസ് സൈന്യം ശ്രമിക്കുന്നതിനിടെ രണ്ടു പേർക്കും വീണു പരിക്കേറ്റതായി റിപ്പോർട്ടുകൾ. യുഎസ് സൈന്യം തട്ടിക്കൊണ്ടു പോകാൻ എത്തിയപ്പോൾ ഇരുവരും രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും ഇതിനിടെ പരിക്കേറ്റതായും യുഎസ് സൈന്യം വ്യക്തമാക്കി.
പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ ഒളിക്കാൻ മഡുറോയും ഭാര്യ ഫ്ലോറസും ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. വാതിലിന്‍റെ ഫ്രെയിം വളരെ താഴ്ന്നതായിരുന്നു. രണ്ടുപേരുടെയും തല അതിൽ ഇടിച്ചു. ഡെൽറ്റ ഫോഴ്സസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയ ശേഷം പ്രഥമ ശുശ്രൂഷ നൽകി. ഉദ്യോഗസ്ഥ വൃന്ദങ്ങളെ ഉദ്ധരിച്ച് അമെരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വയം ഇരിക്കാനാവാതെ സിലിയ ഫ്ളോറസ്
file photo
വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്‍റ് ചീഫ് ഒഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, അറ്റോർണി ജനറൽ പാം ബോണ്ടി, സിഐഎ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ് എന്നിവരാണ് വിശദീകരണം നൽകിയത്.
വാദം കേൾക്കുന്നതിനിടയിൽ, ഫ്ലോറസിന് പ്രതിഭാഗം കക്ഷിയുടെ മേശയിൽ ഇരിക്കാൻ സഹായം ആവശ്യമായിരുന്നു, അതേസമയം മഡുറോ എഴുന്നേറ്റു നിന്ന് സ്പാനിഷിൽ സംസാരിച്ചു, കോടതി നിയമിച്ച ഒരു വിവർത്തകൻ അത് വിവരിച്ചു.
മഡുറോയും ഭാര്യയും തിങ്കളാഴ്ച യുഎസിൽ കോടതിയിൽ ഹാജരായതും ഈ പരിക്കുകളോടെയായിരുന്നു. യുഎസ് സൈന്യം അനധികൃതമായി തട്ടിക്കൊണ്ടു പോകുന്നതിനിടെ മഡുറോയ്ക്കും ഭാര്യയ്ക്കും ഗുരുതരമായ പരിക്കേറ്റതായി ഫ്ലോറസിന്‍റെ അഭിഭാഷകൻ ജഡ്ജിയോടു പറഞ്ഞു.
ആരോഗ്യം ഉറപ്പാക്കാൻ എക്സ്-റേയും പൂർണമായ ശാരീരിക പരിശോധനകളും നടത്തണമെന്നും അഭിഭാഷകൻ അഭ്യർഥിച്ചു. മഡുറോയ്ക്ക് ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടുള്ളതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതിയിൽ നിന്നുള്ള ഫ്ലോറസിന്‍റെ ചിത്രങ്ങളിൽ തലയിൽ ബാൻഡേജുകൾ ഉണ്ടായിരുന്നു.