
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്
വാഷിങ്ടൺ ഡിസി: ഏഷ്യയിലെ അധികാര സന്തുലിതാവസ്ഥ ഉയർത്താൻ സൈനിക ശക്തി പ്രയോഗിക്കാൻ ചൈന തയാറെടുക്കുന്നു എന്ന് വിശ്വസനീയ വിവരം കിട്ടിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
വ്യാപാരം, സാങ്കേതിക വിദ്യ, ലോകത്തിന്‍റെ തന്ത്രപ്രധാനമായ കോണുകളിലെ സ്വാധീനം എന്നിവയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം ബീജിങുമായി തർക്കം നടത്തുന്ന സാഹചര്യത്തിൽ സിംഗപ്പൂരിൽ നടന്ന വാർഷിക സുരക്ഷാ ഫോറത്തിൽ സംസാരിക്കുകയായിരുന്നു പെന്‍റഗൺ മേധാവി.
ഹെഗ്സെത്തിന്‍റെ അഭിപ്രായങ്ങൾക്കെതിരെ നിശിത വിമർശനവുമായെത്തിയ ചൈന യുഎസിന്‍റെ ഈ വാദങ്ങൾ ഗൗരവതരമായെടുക്കുന്നു എന്നും തായ് വാനെ കുറിച്ചുള്ള പെന്‍റഗൺ മേധാവിയുടെ പരാമർശങ്ങളെ കടുത്ത അപവാദങ്ങളാണന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസംഗത്തെ വിമർശിച്ചു.
ലോകമെമ്പാടുമുള്ള പ്രതിരോധ ഉദ്യോഗസ്ഥർ പങ്കെടുത്ത ഷാംഗ്രി-ലാ ഡയലോഗിൽ ചൈന ഉയർത്തുന്ന ഭീഷണിയെ കുറിച്ചുള്ള പരാമർശം കേവലം അപവാദമല്ല, അത് യഥാർഥമാണെന്നും ആസന്ന ഭാവിയിൽ തന്നെ അതു സംഭവിച്ചേക്കാമെന്നും ഹെഗ്സെത്ത് പറഞ്ഞു.
ചൈനീസ് സൈന്യം തായ് വാനെ ആക്രമിക്കാനുള്ള ശേഷി വളർത്തിയെടുക്കുകയാണെന്നും യഥാർഥ കരാറിനായി പരിശീലനം നടത്തുകയാണെന്നും ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
കമ്യൂണിസ്റ്റ് ചൈനയുടെ ആക്രമണം തടയുന്നതിലാണ് ഇപ്പോൾ അമെരിക്ക ശ്രദ്ധിക്കുന്നതെന്നു പറഞ്ഞ ഹെഗ്സെത്ത് വർധിച്ചു വരുന്ന ഭീഷണികൾ നേരിടുമ്പോൾ പ്രതിരോധം വേഗത്തിൽ മെച്ചപ്പെടുത്താൻ ഏഷ്യയിലെ യുഎസ് സഖ്യ കക്ഷികളെയും പങ്കാളികളെയും ആഹ്വാനം ചെയ്യുകയും ചെയ്തു.
എന്നാൽ ഹെഗ്സെത്തിന്‍റെ പരാമർശങ്ങളെ ചൈനയെ നിയന്ത്രിക്കുന്നതിനുള്ള ഒരു വിലപേശൽ ചിപ്പായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഉപമിച്ചത്.