പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

ഞായറാഴ്ചയും തിങ്കളാഴ്ചയുമായി വടക്കൻ ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിയില്‍ 10 അംഗ എസ്‌സിഒയിലെ നേതാക്കളോടൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും.
PM in China; Meeting with Xi Jinping on Sunday

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

Updated on

ടിയാൻജിൻ: ദ്വിദിന ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിൽ. ഏഴു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിലെത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച നടക്കുന്ന മോദി- ഷി കൂടിക്കാഴ്ചയെ ലോകരാജ്യങ്ങൾ ഏറെ പ്രാധാന്യത്തോടെയാണു കാണുന്നത്.

ഞായറാഴ്ചയും തിങ്കളാഴ്ചയുമായി വടക്കൻ ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിയില്‍ 10 അംഗ എസ്‌സിഒയിലെ നേതാക്കളോടൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന വിരുന്നിനിടയിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരേ യുഎസ് വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കെയാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്. 2020ലെ ഗാൽവൻ താഴ്‌വര ഏറ്റുമുട്ടലിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അകൽച്ച കഴിഞ്ഞ വർഷം കസാനിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് നീങ്ങിത്തുടങ്ങിയത്.

ആഗോള സാമ്പത്തികക്രമത്തിനു സുസ്ഥിരത നൽകാൻ ഇന്ത്യയും ചൈനയും കൈകോർക്കണമെന്നു ടിയാൻജിനിലേക്കു പുറപ്പെടും മുൻപ് ജാപ്പനീസ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങലിന്‍റെ പേരില്‍ അമെരിക്കയുടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണു മോദിയുടെ ചൈന സന്ദര്‍ശനമെന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്‍റിനു പുറമെ മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രണ്ടാഴ്ച മുൻപ് ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ കണ്ടിരുന്നു. സുസ്ഥിരവും സഹകരണാധിഷ്ഠിതവും ഭാവി കാഴ്ചപ്പാടുകളുള്ളതുമായ ബന്ധം രൂപപ്പെടുത്താനാണ് താത്പര്യമെന്ന് അന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.

മോദിയെ വിളിച്ച് സെലെൻസ്കി

ടിയാൻജിൻ: ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെ കാണാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കി. അടുത്തിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി യൂറോപ്യൻ നേതാക്കൾക്കൊപ്പം നടത്തിയ ചർച്ചയുടെ വിവരങ്ങൾ സെലെൻസ്കി മോദിയോടു പങ്കുവച്ചു.

യുക്രെയ്‌ൻ- റഷ്യ യുദ്ധത്തിൽ എങ്ങനെ പരിഹാരത്തിലേക്കെത്താമെന്ന തങ്ങളുടെ കാഴ്ചപ്പാടുകളും സെലെൻസ്കി വിശദീകരിച്ചു. റഷ്യയ്ക്കും മറ്റു നേതാക്കൾക്കും ഉചിതമായ സന്ദേശം കൈമാറാമെന്ന് അറിയിച്ച മോദി സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും പിന്തുണയും ആവർത്തിച്ചു. തിങ്കളാഴ്ചയാണ് മോദി പുടിനെ കാണുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com