
ഹിരോഷിമ: അണുബോംബിന്‍റെ നടുക്കുന്ന ഓർമകൾ പേറുന്ന ഹിരോഷിമയിൽ ഇനി ശാന്തിയുടെയും സമാധാനത്തിന്‍റെയും ഓർമപ്പെടുത്തലുമായി മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമയുമുണ്ടായിരിക്കും.
ലോകത്തിൽ ആദ്യമായി അണുബോംബ് ആക്രമണം ഉണ്ടായ പ്രദേശത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ജി-7 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ ഹിരോഷിമയ്ക്ക് സമ്മാനമായി നൽകിയതാണ് ഗാന്ധിജിയുടെ അർധകായ പ്രതിമ. 42 ഇഞ്ച് ഉയരത്തിൽ വെങ്കലത്തിലുള്ള പ്രതിമ പദ്മഭൂഷൺ ജേതാവ് രാം വഞ്ചി സുതാർ നിർമിച്ചതാണ്.
മോത്തോയാസു നദീതീരത്തായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വിദേശികൾ അടക്കം നിരവധി പേരാണ് ദിവസവും പ്രദേശം സന്ദർശിക്കാറുള്ളത്. പ്രതിമ അനാവരണം ചെയ്തതിനു ശേഷം മോദി പ്രതിമയ്ക്കു മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചു. പ്രതിമ അനാവരണം ചെയ്യാനുള്ള സഹായങ്ങൾ ചെയ്തു തന്ന നഗരത്തിലെ മേയർക്കും ജാപ്പനീസ് സർക്കാരിനും മോദി നന്ദി അറിയിച്ചു.