കുടിയേറ്റ നയത്തിൽ കർശന വിലക്കുമായി ഓസ്ട്രേലിയ

പങ്കാളികളെയും കുട്ടികളെയും കൂടെക്കൂട്ടുന്നതിൽ വിലക്ക് വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
Australia imposes strict restrictions on immigration policy

കുടിയേറ്റ നയത്തിൽ കർശന വിലക്കുമായി ഓസ്ട്രേലിയ

Updated on

സിഡ്നി: അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നതിന് വിലക്ക് ഏർപ്പെടുത്താൻ ഓസ്ട്രേലിയ തീരുമാനിച്ചു. താൽക്കാലിക കുടിയേറ്റക്കാർ വിസ മാറ്റുന്നതിനുള്ള ചട്ടങ്ങൾ കൂടുതൽ കർശനമാക്കുമെന്നും സർക്കാർ അറിയിച്ചു. കുടിയേറ്റ നയത്തിലെ മാറ്റങ്ങളെ കുറിച്ച് ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് നടത്തുന്ന പ്രസംഗത്തിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം.

ദേശീയ പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര കാര്യമന്ത്രി ടോണി ബർക്ക് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള പ്രതിവർഷ കുടിയേറ്റ കണക്കുകൾ 300,000 ത്തിൽ നിന്ന് 2028-ഓടെ 225,000 ആയി കുറയ്ക്കുകയാണ് ഈ പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ ജീവിത പങ്കാളികൾക്ക് ഓസ്ട്രേലിയയിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ വിദ്യാർഥിയുടെ കോഴ്സിന് ആനുപാതികമായി അവർക്ക് ജോലി ചെയ്യാൻ ആകുന്ന സമയം വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ 18 വയസിനു താഴെയുള്ള ആശ്രിതരായ കുട്ടികളെയും വിദ്യാർഥികൾക്ക് ഒപ്പം നേരത്തെ കൂട്ടാമായിരുന്നു.

എന്നാൽ പുതിയ നിയമം വരുന്നതോടെ ഇതിന് നിയന്ത്രണമാകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വൻ മുന്നേറ്റം നടത്തുന്ന ‘വൺ നേഷൻ’ പാർട്ടി, ഓസ്‌ട്രേലിയക്കാർക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം 750,000 ആയി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്‍റെ പുതിയ നീക്കം.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം 2022 ഫെബ്രുവരിയിൽ അതിർത്തികൾ തുറന്നതോടെ അന്താരാഷ്ട്ര വിദ്യാർഥികൾ താൽക്കാലിക വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ വരവ് വലിയ തോതിൽ വർദ്ധിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും, പുതിയതായി എത്തുന്നവരുടെ വർദ്ധനവ് ഭവന നിർമ്മാണ മേഖലയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ജൂണിൽ അവസാനിച്ച വർഷം ആകെ വിദേശ കുടിയേറ്റം 306,000 ആയിരുന്നു. ഇതിൽ ഭൂരിഭാഗവും അന്താരാഷ്ട്ര വിദ്യാർഥികളായിരുന്നു എന്നത് ശ്രദ്ധേയമാണ്.

logo
Metro Vaartha
www.metrovaartha.com