

മാർക്കോ റൂബിയോ
FILE PHOTO
വാഷിങ്ടൺ: ഡൽഹിയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വിദ്യാർഥി പ്രതിഷേധങ്ങൾക്കുനേരെ ബലപ്രയോഗം നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യയോട് ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയോട് ഡെമോക്രാറ്റിക് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രമീള ജയപാൽ, ഇൽഹാൻ ഒമർ എന്നിവരടക്കമുള്ള ആറ് ജനപ്രതിനിധികളാണ് ഇക്കാര്യമാവശ്യപ്പെട്ട് റൂബിയോയ്ക്ക് കത്തയച്ചത്.
അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുന്ന റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ആവശ്യം. വിദ്യാർഥി പ്രതിഷേധങ്ങൾക്കുനേരെയുള്ള അടിച്ചമർത്തൽ, അന്യായമായ തടങ്കൽ, സുരക്ഷാസേനയുടെ അമിതബലപ്രയോഗം എന്നിവ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് വെള്ളിയാഴ്ച അയച്ച കത്തിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പിന്തുണയോടെ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ പകർത്താൻ യുഎസിലെ ഇന്ത്യൻ എംബസിയും മറ്റു നഗരങ്ങളിലെ കോൺസുലേറ്റുകളും ഫോട്ടോഗ്രാഫർമാരെ നിയോഗിച്ച് പ്രതിഷേധക്കാരെ നിരീക്ഷിച്ചെന്ന ആരോപണവും കത്തിൽ ഉന്നയിച്ചു.
മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരായ സിജെപി പ്രതിഷേധങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളും പ്രതിഷേധക്കാർക്കെതിരേ അമിതബലം പ്രയോഗിച്ചെന്ന ആരോപണത്തിന് ഉദാഹരണങ്ങളായി കത്തിൽ പരാമർശിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് കരട് വോട്ടർപട്ടികയിൽ നിന്ന് 13 കോടി വോട്ടർമാരെ നീക്കിയെന്ന ആരോപണത്തിലും ജനപ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ സിജെപിക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.