
ലിയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: അയ്യായിരം വത്തിക്കാൻ ജീവനക്കാർക്ക് 500 യൂറോ വീതം കോൺക്ലേവ് ബോണസ് പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. റോമൻ കൂരിയയിലും വത്തിക്കാൻ മ്യൂസിയങ്ങൾ, വത്തിക്കാൻ ഫാർമസി, ലൈബ്രറി, മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അയ്യായിരത്തോളം ജീവനക്കാർക്ക് ജൂണിലെ ശമ്പളത്തിൽ ഈ തുക അധികമായി ലഭിക്കും.
മാർപ്പാപ്പമാർ പുതുതായി തെരഞ്ഞെടുക്കപ്പെടുമ്പോൾ കോൺക്ലേവ് ബോണസുകൾ വിതരണം ചെയ്യുന്ന പതിവുണ്ട്. ഒരു മാർപ്പാപ്പയുടെ മരണത്തെ തുടർന്നുള്ള ആഴ്ചകളിൽ പുതിയ ഒരാളെ തെരഞ്ഞെടുക്കുന്നതു വരെ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്ത ജീവനക്കാരോടുള്ള നന്ദിപ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്.
ലിയോ മാർപ്പാപ്പ നൽകുന്ന ഈ ബോണസ് വത്തിക്കാനിലെ വസ്ത്രശാലകൾ, ഗ്യാസ് സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസ് എന്നിവയിൽ ജോലി ചെയ്യുന്നവർക്കും ബാധകമാകും.
2013ൽ ഫ്രാൻസിസ് മാർപ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാരമ്പര്യമായി നൽകി വന്നിരുന്ന കോൺക്ലേവ് ബോണസ് താത്കാലികമായി നിർത്തി വച്ചിരുന്നു. പകരം കൂടുതൽ ആവശ്യമുള്ള പേപ്പൽ ചാരിറ്റികൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും ആ പണം നൽകാൻ ഫ്രാൻസിസ് മാർപ്പാപ്പ തീരുമാനിച്ചു.
2005ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മരണശേഷം ബെനഡിക്റ്റ് പതിനാലാമൻ മാർപ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അധിക ജോലികൾക്ക് വത്തിക്കാൻ ജീവനക്കാർക്ക് 1000 യൂറോയുടെ കോൺക്ലേവ് ബോണസ് അനുവദിച്ചിരുന്നു.