ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയില്‍ കണ്ടെത്തി

നെറ്റ്ഫ്ലിക്സിന്‍റെ വെബ് ഷോയായ ബ്ലഡ്‌ഹൗണ്ട്‌ (2023) ലാണ് അവസാനമായി അഭിനയിച്ചത്.
Popular South Korean actress Kim Sae-Ron found dead
കിം സെ റോൺ (24)
Updated on

സിയോള്‍: ദക്ഷിണകൊറിയന്‍ നടി കിം സെ റോൺ (24) നെ മരിച്ച നിലയില്‍ കണ്ടെത്തി. സിയോളിലെ സിയോങ്‌ഡോങ്-ഗുവിലുള്ള തന്‍റെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് ഞായറാഴ്ച സ്ഥിരീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ പ്രകാരം കിം സെ റോണി ഞായറാഴ്ച ഒരു സുഹൃത്തിനെ കാണേണ്ടതായിരുന്നു. എന്നാൽ അപ്പാർട്ട്മെന്‍റിൽ എത്തിയതോടെ കിം സെ റോണിയെ ഇവർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സുഹൃത്താണ് താരത്തിന്‍റെ മരണവിവരം പൊലീസിനെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്‍റെ ലക്ഷണങ്ങളോ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഔണി ലെകോംറ്റെയുടെ എ ബ്രാൻഡ് ന്യൂ ലൈഫ് (2009) എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കിം തന്‍റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നിരുന്നാലും, ദക്ഷിണ കൊറിയൻ നടൻ വോൺ ബിന്നിനൊപ്പം അഭിനയിച്ച ആക്ഷൻ ത്രില്ലർ ദി മാൻ ഫ്രം നോവർ (2010) എന്ന ചിത്രത്തിലെ അഭിനയമാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. എ ഗേള്‍ അറ്റ് മൈ ഡോര്‍ (2014), സ്നോവി റോഡ് (2015), സീക്രട്ട് ഹീലർ (2016), ദി വില്ലേജേഴ്‌സ് (2018), ലിവറേജ് (2019), ദി ഗ്രേറ്റ് ഷാമൻ ഗാ ഡൂ-ഷിം (2021) എന്നിവയാണ് മറ്റ് ശ്രദ്ധേയമായ പ്രോജക്ടുകൾ. 2023-ൽ നെറ്റ്ഫ്ലിക്സിന്‍റെ വെബ് ഷോയായ ബ്ലഡ്‌ഹൗണ്ട്‌സിൽ അവസാനമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

2022 മെയ് മാസത്തില്‍, സിയോളില്‍ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടര്‍ന്ന് കിം സെ റോണ്‍ പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്നു. താരം ഓടിച്ചിരുന്ന കാറ് ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറുകയും നാശനഷ്ടങ്ങള്‍ക്ക് കാരണമായി. തുടർന്ന് അവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും 2023 ഏപ്രിലിൽ കോടതി അവർക്ക് 20 മില്യൺ വോൺ ($13,850) പിഴ ചുമത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കിം പരസ്യമായി ക്ഷമാപണം നടത്തയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിടുകയും സിനിമകൾ ലഭിക്കാതെ വന്നതോടെ കരിയർ നിർത്തിവക്കേണ്ടിവന്നു.

അതേസമയം, ഇക്കോല്ലം ദി ഗിറ്റാർ മാൻ എന്ന ചിത്രത്തിലൂടെ താരം അഭിനയത്തിലേക്ക് തിരിച്ചുവരവ് ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗിറ്റാർ മാൻ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ ശേഷം വീണ്ടും അഭിനയം തുടരുമെന്നും അതോടൊപ്പം ഒരു കഫേ തുറക്കാൻ തയ്യാറെടുക്കുകയായിരുന്നു കിം സെ റോണ്‍ എന്നും കിം സെ റോണിന്‍റെ മരണം വിശ്വവസിക്കാനാവുന്നില്ലെന്നും അവരുടെ സുഹൃത്ത് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com