

ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധത്തിൽ നിന്നും
പാരീസ്: ഫ്രാൻസിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന് രാജ‍്യമെമ്പാടും 70,000 പൊലീസ് ഉദ‍്യോഗസ്ഥരെ വിന‍്യസിച്ചതായി ആഭ‍്യന്തര മന്ത്രി ലോറന്‍റ് നൂനെസ്. സംഘർഷ സാധ‍്യത കണക്കിലെടുത്താണ് പൊലീസ് ഉദ‍്യോഗസ്ഥരെ വിന‍്യസിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പ്രതിഷേധത്തെ നേരിടാനാണ് ഇത്തരത്തിലൊരു നീക്കം.
കൂടാതെ പാരീസ് അടക്കമുള്ള നഗരങ്ങളിൽ കർഫ‍്യു പ്രഖ‍്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട നഗരങ്ങളിലെ മെട്രൊ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ നേരത്തെ തന്നെ പൂട്ടിയിരുന്നു. ആക്രമണമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ വ‍്യക്തമാക്കിയിരിക്കുന്നത്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം 135 പേർ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ നിരവധി ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. വിദ‍്യാലയങ്ങളിലെ മോശം സാഹചര‍്യത്തെ ചോദ‍്യം ചെയ്ത് സമാധാനപരമായി ആരംഭിച്ച പ്രതിഷേധം പിന്നീട് സാമ്പത്തിക പ്രതിസന്ധിയോടും സർക്കാരിന്‍റെ നയങ്ങൾ ചോദ‍്യം ചെയ്തു കൊണ്ടും ആക്രമാസക്തമായി മാറുകയായിരുന്നു.