സെലൻസ്കിയെ കാണാൻ തയാർ: പുടിൻ അയയുന്നു

യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുമായി ചർച്ചയ്ക്ക് സമ്മതം അറിയിച്ചു റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ
Vladimir Putin, Volodymyr Zelensky
വ്ളാദിമിർ പുടിൻ, വോലോദിമിർ സെലൻസ്കി
Updated on

റിയാദ്: യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുമായി ചർച്ചയ്ക്ക് സമ്മതം അറിയിച്ചു റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. സൗദി അറേബ്യയിലെ റിയാദിൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തൽ, യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ്, റഷ്യൻ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണു റഷ്യയുടെ പ്രതിനിധി ഇക്കാര്യം അറിയിച്ചത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്റോവും ഉൾപ്പെടെ പ്രമുഖരാണു റിയാദിലെ യോഗത്തിൽ പങ്കെടുക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ലാ‌ഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഈ ചർച്ച വഴിയൊരുക്കും.

പുടിനും ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണു റിയാദിലെ മധ്യസ്ഥ ചർച്ചയ്ക്ക് വഴിയൊരുക്കിയത്. എന്നാൽ, ഇതിൽ യുക്രെയ്‌ന്‍റെ പ്രതിനിധികൾ പങ്കെടുക്കുന്നില്ല. യുക്രെയ്‌ൻ പ്രതിനിധികളില്ലാത്ത യോഗത്തിലെ ഒരു തീരുമാനവും അംഗീകരിക്കില്ലെന്നു സെലൻസ്കി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്‌ൻ യുദ്ധം തുടങ്ങി മൂന്നു വർഷത്തിനിടെ ഇതാദ്യമാണു യുഎസും റഷ്യയും ചർച്ച നടത്തുന്നത്.

അതിനിടെ, പുടിൻ- ട്രംപ് കൂടിക്കാഴ്ചയ്ക്കുള്ള നീക്കം യുഎസ് സഖ്യത്തിലെ യൂറോപ്യൻ രാജ്യങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. യുക്രെയ്‌നൊപ്പം നിൽക്കുന്നതാണ് യുഎസിന്‍റെ നയം. എന്നാൽ, ട്രംപ് അധികാരമേറ്റതോടെ വ്യത്യസ്ത സമീപനമാണു സ്വീകരിക്കുന്നത്.

പൊടുന്നനെ പുടിന് കൈകൊടുക്കാനുള്ള ട്രംപിന്‍റെ ശ്രമത്തില്‍ യഥാര്‍ഥത്തില്‍ യൂറോപ്യൻ കൗണ്‍സിലിലെ ചില രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. പാരീസില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്‌ച രാത്രി അടിയന്തര യോഗം വിളിച്ചു.

ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്‍റെ പ്രതിനിധിയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

യൂറോപ്പിന്‍റെ സുരക്ഷാ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചകൾക്കായാണ് നേതാക്കൾ എലിസി കൊട്ടാരത്തിൽ യോഗം ചേർന്നത്. അമെരിക്ക ആർക്കൊപ്പം നിന്നാലും തങ്ങൾ യുക്രെയ്‌നെ പിന്തുണയ്ക്കുമെന്നാണ് യൂറോപ്യൻ കൗണ്‍സിലിന്‍റെ പ്രഖ്യാപനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com