പുടിന്‍റെ കർശന നിലപാട്: ഇസ്രയേലിനു നൽകുന്ന പരിഗണന യുക്രെയ്നിനും?
getty images
പുടിന്‍റെ കർശന നിലപാട് യുക്രൈനു തുണയാകുമോ?
വാഷിങ്ടൺ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ, അലാസ്ക ഉച്ചകോടിയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കാത്തതിനെ തുടർന്ന് അമെരിക്ക കൂടുതൽ കടുത്ത നിലപാടിലേയ്ക്കു കടക്കുന്നതായി റിപ്പോർട്ട്. "അമെരിക്ക ഫസ്റ്റ് ' നയത്തിലടക്കം മാറ്റം വരുത്തിയുള്ള നീക്കത്തിലേയ്ക്കാണ് ട്രംപ് ഭരണകൂടം നീങ്ങുന്നതെന്നാണ് സൂചനകൾ. ഇസ്രയേലിനു നൽകുന്ന സമ്പൂർണ പരിഗണന യുക്രെയ്നും നൽകാനുള്ള ആലോചനയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുക്രെയ്നിന് ദീർഘകാല സുരക്ഷാ ഉറപ്പുകൾ നൽകുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റു തന്നെ സൂചന നൽകിക്കഴിഞ്ഞു.
അലാസ്കയിൽ നടന്ന ഉച്ചകോടി സമ്പൂർണ ലക്ഷ്യം കാണാതായതോടെയാണ് ട്രംപിന്‍റെ "അമെരിക്ക ഫസ്റ്റ് ' നയത്തിൽ നിന്നുള്ള അപ്രതീക്ഷിത മാറ്റത്തിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. യുക്രെയ്നിന് ആയുധങ്ങളും സാങ്കേതിക വിദ്യയും നൽകി ഇസ്രയേൽ മോഡലിൽ സൈനിക ശക്തി വർധിപ്പിക്കാനാണ് പുതിയ പദ്ധതി. അമെരിക്കൻ സൈന്യത്തെ നേരിട്ട് അയയ്ക്കുന്നത് ഒഴിവാക്കിയുള്ളതാകും ഈ രീതി.
പുടിന്‍റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം യുഎസ് നയങ്ങൾ പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതമാക്കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഈ നീക്കം ലോക രാജ്യങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്.
അന്തിമ തീരുമാനം എടുക്കാത്തതെങ്കിലും പുടിനുമായുള്ള ചർച്ചകൾ ഇതു വരെ വിജയം കാണാത്തത് ട്രംപിന്‍റെ നിലപാടുകളിൽ കാര്യമായ മാറ്റം വരുത്തിയതായി സൂചനകളുണ്ട്. യുക്രെയ്ന് സൈനിക-സാങ്കേതിക പിന്തുണ വർധിപ്പിക്കുന്നതിലൂടെ റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയ്ന്‍റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.