

ആലീസ് വെറും മറ
വാഷിങ്ടണ്‍: എന്‍വിഡിയ മുന്‍ സിഇഒ ജെന്സന് ഹുവാങ്ങുമായി അടുപ്പം പുലര്‍ത്തുകയും, ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് യുഎസ് അധികൃതര്‍ സംശയിക്കുകയും ചെയ്ത ആലീസ് ഹുവാങ്, സിംഗപ്പൂര്‍ ആസ്ഥാനമായുള്ള 'മെഗാസ്പീഡ്' എന്ന കമ്പനിയുടെ ഒരു മുഖം മാത്രമായിരുന്നുവെന്ന് 'ദി വാള് സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. കയറ്റുമതി നിയന്ത്രണങ്ങളുള്ള എന്‍വിഡിയയുടെ എഐ ചിപ്പുകള്‍ ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് മെഗാസ്പീഡ്. ഈ കമ്പനിയുടെ എക്സിക്യുട്ടീവായിരുന്നു ആലീസ് ഹുവാങ്. എന്നാല്‍ ഈ കമ്പനിക്കു പിന്നില്‍ ആലീസിനു പുറമെ ലി മിങ് എന്ന 52കാരനായ ചൈനീസ് വ്യവസായിയും ഉണ്ടായിരുന്നെന്നും അദ്ദേഹമാണ് ചൈനയിലേക്ക് എന്‍വിഡിയ ചിപ്പുകള്‍ കടത്താനുള്ള ശൃംഖല നിയന്ത്രിച്ചിരുന്നതെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ചിപ്പ് കടത്ത് ശൃംഖലയുടെ സൂത്രധാരന്‍ ലി മിങ്
മെഗാസ്പീഡ് എന്ന കമ്പനിയില്‍ ആലീസ് ഹുവാങ് ഒരു മുതിര്‍ന്ന എക്സിക്യൂട്ടീവ് പദവി വഹിച്ചിരുന്നെങ്കിലും, കമ്പനിയുടെ പ്രധാന ബിസിനസ് തീരുമാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ലി മിങ് സജീവമായി ഇടപെട്ടിരുന്നു. എന്‍വിഡിയ ചിപ്പുകള്‍ കൈകാര്യം ചെയ്യുന്ന മറ്റ് പല കമ്പനികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.എന്‍വിഡിയ ചിപ്പുകള്‍ ഘടിപ്പിച്ച കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിംഗപ്പൂരില്‍ ലി മിങ്ങിനെതിരേ തട്ടിപ്പ് കുറ്റം ചുമത്തിയിരുന്നു.
എന്‍വിഡിയ ചിപ്പുകള്‍ ഘടിപ്പിച്ച സെര്‍വറുകള്‍ സിംഗപ്പൂരിലുള്ള തന്റെ കമ്പനിയില്‍ ഉപയോഗിക്കാനാണെന്ന് വിശ്വസിപ്പിച്ച് ലി മിങ് അമെരിക്കന്‍ വിതരണക്കാരെ കബളിപ്പിച്ചെന്നും ഈ ഉപകരണങ്ങള്‍ സിംഗപ്പൂരിന്റെ അയല്‍രാജ്യമായ മലേഷ്യയിലേക്ക് അയയ്ക്കുകയും, അവിടെ നിന്ന് തിരിച്ചറിയപ്പെടാത്ത മറ്റൊരു മൂന്നാം രാജ്യത്തേക്ക് കടത്തുകയുമാണ് ചെയ്തതെന്നും സിംഗപ്പൂരിലെ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
ലി മിങ് നിലവില്‍ ജാമ്യത്തിലാണ്. സിംഗപ്പൂരിലെ ചൈനീസ് എംബസിക്ക് സമീപമുള്ള ഒരു ആഡംബര വില്ലയിലാണ് അദ്ദേഹം താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആലീസ് ഹുവാങ്ങുമായും അവരുടെ ഭര്‍ത്താവ് കാങ് വെയുമായും ലി മിങ്ങിന് ദീര്‍ഘകാലമായി ബിസിനസ് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ജെന്‍സനുമായി ആലീസ് അടുപ്പം പുലര്‍ത്തിയത് ഭര്‍ത്താവിന്റെ സമ്മതത്തോടെ
പത്ത് വര്‍ഷത്തിലേറെയായി എന്‍വിഡിയ സഹസ്ഥാപകനും സിഇഒയുമായിരുന്ന ജെന്സന് ഹുവാങ്ങുമായി ആലീസ് ഹുവാങ്ങിന്റെ ഭര്‍ത്താവ് കാങ് വെയ്ക്ക് പരിചയമുണ്ടായിരുന്നു. കാങ് വഴിയാണ് ആലീസ് ജെന്‍സനെ പരിചയപ്പെട്ടത്. ജെന്‍സനും ആലീസും തമ്മിലുള്ള പ്രണയബന്ധത്തെ കുറിച്ച് കാങ്ങിന് അറിയാമായിരുന്നുവെന്നും കാങ് അവരുടെ ബന്ധത്തെ അംഗീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. തന്റെ ഭാര്യ എന്‍വിഡിയ മേധാവിയുടെ പേഴ്സണല്‍ അസിസ്റ്റന്റാണെന്ന് സഹപ്രവര്‍ത്തകരോട് തമാശയായി പോലും കാങ് പറയുമായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുന്നു
കയറ്റുമതിക്ക് നിയന്ത്രണമുള്ള കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന എന്‍വിഡിയ എഐ ചിപ്പുകള്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടുവെന്ന സംശയത്തെത്തുടര്‍ന്ന് യുഎസിലെയും സിംഗപ്പൂരിലെയും അധികാരികള്‍ മെഗാസ്പീഡിനെതിരേ അന്വേഷണം നടത്തിവരികയാണ്. തായ്വനിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കയറ്റുമതി നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ട് മെഗാസ്പീഡ് ആരോപണം നിഷേധിച്ചു.