

വെടിനിർത്തലിൽ ലെബനനെയും ഉൾപ്പെടുത്തണം: നവാഫ് സലാം
file photo
ലെബനനിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ നീക്കം
ലാഹോർ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വെടിനിർത്തൽ കരാറിൽ ലെബനനെയും ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താൻ ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം പാക്കിസ്ഥാന്‍റെ സഹായം തേടി. ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ ലെബനനിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ നീക്കം.
വെടിനിർത്തൽ ഉടമ്പടി യാഥാർഥ്യമാക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച സലാം, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ വിളിച്ച് തന്‍റെ ആശങ്കകൾ പങ്കു വച്ചു. ഇസ്രയേലിന്‍റെ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കരാറിൽ ലെബനന്‍റെ സുരക്ഷ കൂടി ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇറാനുമായുള്ള വെടിനിർത്തൽ ലെബനന് ബാധകമല്ലെന്ന നിലപാടിലാണ് അമെരിക്കയും ഇസ്രയേലും.
ലെബനനിലെ തങ്ങളുടെ ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ
file photo
ലെബനനിലെ തങ്ങളുടെ ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതുമാണ്.
എന്നാൽ ലെബനനെ വെടിനിർത്തൽ കരാറിന്‍റെ അവിഭാജ്യ ഘടകമായാണ് കാണുന്നതെന്ന് ഇറാനിയൻ പാർലമെന്‍റ് സ്പീക്കർ മുന്നറിയിപ്പ് നൽകി. ലെബനനെ ഒഴിവാക്കിയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ലെബനനെ കൂടി സമാധാന കരാറിന്‍റെ പരിധിയിൽ കൊണ്ടു വരണമെന്ന രാജ്യാന്തര സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമായത്.