
ഖത്തറിലെ കോടതികൾ ഇനിമുതൽ എഐ സാങ്കേതിക വിദ്യ ഭരിക്കും. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മെച്ചപ്പെടുത്തുന്നതിനുമായാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത്. ഇതിന്‍റെ ആദ്യ ഘട്ടമെന്നോണം എഐ സംവിധാനത്തിലൂടെ വാക്കുകൾ വാചകങ്ങളാക്കി മാറ്റി തുടങ്ങിയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതുവഴി പബ്ലിക് പ്രോസിക്യൂഷന്‍റെ പ്രവർത്തനക്ഷമത വർധിപ്പിക്കാമെന്നാണ് കരുതുന്നത്.
നിയമനടപടികൾ വേഗത്തിലാക്കുന്നതിനും കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനു പുറമെ അടുത്ത ഘട്ടത്തിൽ എഐ സാങ്കേതികവിദ്യകളുപയോഗിച്ച് മിനിറ്റ്സും മെമ്മോറാണ്ടവും തയ്യാറാക്കുന്നതിനുമായുള്ള ആപ്ലിക്കേഷനുകളും കണ്ടെത്തും. ഈ ടെക്നോളജി വരുന്നതോടെ മനുഷ്യവിഭവ ശേഷിയുടെ ഉപയോഗം കുറയ്ക്കാമെന്നും നിയമനടപടികളിൽ തെറ്റുകൾ കുറയ്ക്കാനാകുമെന്നുമാണ് പ്രതീക്ഷ.
ഇതിനായി ആദ്യം തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളിൽ എഐ പവർ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു. വിജയകരമായ പരീക്ഷണത്തെത്തുടർന്ന്, ഈ വിദ്യ മറ്റ് കമ്പനികളിലും നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോൾ. എല്ലാ ജുഡീഷ്യൽ പ്രക്രിയകളിലും ഇതേ രീതി തുടരുന്നതിനായി ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുമെന്നും അതുവഴി നീതിനടപടികൾ വേഗത്തിൽ ഉറപ്പാക്കാമെന്നതുമാണ് ഇപ്പോഴത്തെ ലക്ഷ്യം.