

ന്യൂസിലൻഡ് വിദേശകാര്യമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ്
file photo
ന്യൂഡൽഹി: ന്യൂസിലൻഡ് പ്രധാനമന്ത്രി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വച്ചു മണിക്കൂറുകൾക്കുള്ളിൽ ഈ കരാറിനെതിരെ ന്യൂസിലൻഡ് വിദേശകാര്യമന്ത്രി രംഗത്ത്. ഇന്നലെയാണ് ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വച്ചത്. ഇതിനു പിന്നാലെയാണ് കരാറിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂസിലൻഡ് വിദേശകാര്യമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് രംഗത്തെത്തിയത്. കരാർ സ്വാതന്ത്ര്യമോ നീതിയോ ഉള്ളതല്ലെന്നും ന്യൂസിലൻഡിന് വൻ നഷ്ടമുണ്ടാക്കുമെന്നും എക്സിൽ അദ്ദേഹം കുറിച്ചു.
ന്യൂസിലൻഡിലെ ഭരണ സഖ്യത്തിലെ ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടി നേതാവ് കൂടിയാണ് പീറ്റേഴ്സ്. കരാർ ന്യൂസിലൻഡിന്‍റെ പ്രധാന കയറ്റുമതി മേഖലയായ ക്ഷീരോൽപന്നങ്ങൾക്ക് ആവശ്യമായ പരിഗണന നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂസിലൻഡ് കർഷകർക്ക് ഇത് വൻ തിരിച്ചടിയാണെന്നും ഗ്രാമീണ മേഖലയിൽ ഈ കരാറിനെ ന്യായീകരിക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.