

ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ
ഒക്റ്റോബര്‍ 27ന് നടക്കാനിരിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ സംഘര്‍ഷം.
ജറുസലേം: വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരായ ഇസ്രയേലി കുടിയേറ്റക്കാരുടെ അക്രമവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ ബ്രിട്ടനു തിരിച്ചടിയുമായി ഇസ്രയേൽ . ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചു പൂട്ടാൻ ഇസ്രേയൽ ചൊവ്വാഴ്ച ഉത്തരവിട്ടു. ബ്രിട്ടീഷ് നടപടിയോടുള്ള പ്രതികാരമായാണ് ഈ നീക്കമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ വ്യക്തമാക്കി.
ഗാസയിലെ യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പദ്ധതി നിരീക്ഷിക്കുന്ന കേന്ദ്രത്തിലെ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. പലസ്തീൻ അതോറിറ്റി സേനകൾക്ക് ബ്രിട്ടൻ നൽകുന്ന പരിശീലനവും തടയും. കൂടാതെ 12 ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഇസ്രയേലിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാരുടെ നടപടികളെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിഎഡ് മിലിബാന്‍ഡ് ‘വംശീയ ഉന്മൂലനം’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്‍റെ കടുത്ത പ്രതികരണം.
ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ വിദേശകാര്യ സെക്രട്ടറി നടത്തിയ ആരോപണങ്ങള്‍ ”അടിസ്ഥാനരഹിതമായ നുണകളാണ്” എന്ന് ഗിഡിയന്‍ സാര്‍ പ്രതികരിച്ചു. ബ്രിട്ടന്‍റെ നടപടി പരമാധികാര രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും നടത്തുന്ന നഗ്‌നമായ ഇടപെടലാണെന്നും അദ്ദേഹം ആരോപിച്ചു. ഒക്റ്റോബര്‍ 27ന് നടക്കാനിരിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ സംഘര്‍ഷം.
1967ലെ ആറ് ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേല്‍ പിടിച്ചെടുത്ത ചരിത്രപരമായി പലസ്തീന്‍ പ്രദേശമായ കിഴക്കന്‍ ജറുസലേമിലാണ് ബ്രിട്ടീഷ് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ജറുസലേമിനെ വിഭജിക്കാനാകാത്ത ഇസ്രയേലിന്‍റെ തലസ്ഥാനമായി ഇസ്രയേല്‍ കണക്കാക്കുന്നു. എന്നാല്‍ ഈ നിലപാട് അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല. യുഎസ് ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ മാത്രമാണ് ഇസ്രയേലിന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്നത്.
”ഐക്യ ജറുസലേം ഇസ്രയേലിന്‍റെ തലസ്ഥാനമാണ്, അത് പൂര്‍ണമായും ഇസ്രയേലിന്‍റെ പരമാധികാരത്തിന് കീഴിലാണ്,” സാര്‍ പറഞ്ഞു. ജറുസലേമിലെ ഏതൊരു വിദേശ പ്രവര്‍ത്തനവും അംഗീകരിക്കപ്പെട്ടതും ധാരണയായതുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ നടത്താവൂ എന്നും ഇസ്രയേലിന്‍റെ പരമാധികാരം ലംഘിക്കുന്ന നടപടികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്‍-ഇസ്രയേല്‍ ബന്ധത്തില്‍ പുതിയ സംഘര്‍ഷത്തിന് വഴിവയ്ക്കുന്നതാണ് ഇസ്രയേലിന്‍റെ നടപടിയെന്നാണ് വിലയിരുത്തല്‍.