
യുഎസ് വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഹാക്ക് ചെയ്ത് ഹമാസ്
social media
പെൻസിൽവേനിയ: പെൻസിൽവേനിയയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഹമാസ് ഹാക്ക് ചെയ്തതിനെ തുടർന്ന് വിമാന സർവീസുകൾ വൈകി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കെതിരെയുള്ള സന്ദേശങ്ങൾ വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകളിൽ മുഴങ്ങിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി.
പെൻസിൽവേനിയയിലെ ഹാരിസ്ബർഗ് രാജ്യാന്തര വിമാനത്താവളത്തിലെയും ക്യാനഡയിലെ കെലോവ്ന രാജ്യാന്തര വിമാനത്താവളത്തിലെയും ടെർമിനലുകളിലൂടെയും ഇത്തരം ശബ്ദ സന്ദേശം മുഴങ്ങുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതർക്ക് മനസിലായത്. ഹമാസിനെ പ്രശംസിച്ചും ഫ്രീ പലസ്തീൻ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സന്ദേശങ്ങൾ കെലോവ്ന രാജ്യാന്തര വിമാനത്താവളത്തിലെ സ്ക്രീനുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
പബ്ലിക് അഡ്രസ് സിസ്റ്റങ്ങളെയും ഫ്ളൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേകളെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണ് നടന്നതെന്ന് വിമാനത്താവള അധികൃതർ മാധ്യമങ്ങളോടു പറഞ്ഞു. 2023രലെ ഇസ്രയേൽ-ഗാസ സംഘർഷം ആരംഭിച്ചതിനു ശേഷം പലസ്തീൻ അനുകൂല പ്രവർത്തകർ ലോകമെമ്പാടും സമാനമായ ഡിജിറ്റൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.