

ഇറാനിലേയ്ക്കു പോയ പലാവു കപ്പൽ തകർത്ത് യുഎസ്
ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ വച്ച് ഇറാൻ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന പലാവു പതാക ഘടിപ്പിച്ച എണ്ണക്കപ്പൽ ആക്രമിച്ചു തകർത്ത് യുഎസ് സൈന്യം. യുഎസ് സെൻട്രൽ കമാൻഡാണ് ഈ വിവരം അറിയിച്ചത്. യുഎസ് സൈന്യത്തിന്‍റെ നിർദേശങ്ങൾ പാലിക്കാൻ കപ്പലിലെ ജീവനക്കാർ തയാറാകാതിരുന്നതിനെ തുടർന്ന് മാരിവെക്സ് എന്ന എണ്ണക്കപ്പലിന്‍റെ എൻജിൻ, സ്റ്റിയറിങ് റൂമുകൾ ലക്ഷ്യമാക്കി കൃത്യമായ മിസൈൽ ആക്രമണം നടത്തുകയായിരുന്നു യുഎസ് സൈന്യം എന്ന് സെന്‍റകോം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്.
ആക്രമണത്തോടെ കപ്പലിന്‍റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടതായും മാരിവെക്സ് ഇനി ഇറാനിലേയ്ക്ക് സർവീസ് നടത്തില്ലെന്നും യുഎസ് സൈന്യം സ്ഥിരീകരിച്ചു.ഇറാനെതിരേ വാഷിങ്ടൺ ഏർപ്പെടുത്തിയ നാവിക ഉപരോധം കൂടുതൽ കടുപ്പിക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഈ നേരിട്ടുള്ള സൈനിക നടപടി. തങ്ങളുടെ ഉത്തരവുകൾ അനുസരിക്കാത്ത കപ്പലുകളെ നേരിട്ട് ആക്രമിക്കാൻ യുഎസ് സൈന്യം മടിക്കുന്നില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 13ന് ഉപരോധം ആരംഭിച്ചതു മുതൽ നിർദേശങ്ങൾ ലംഘിച്ച ഏഴു കപ്പലുകൾ യുഎസ് സേന തകർത്തതായും ഉത്തരവുകൾ പാലിച്ച 134 കപ്പലുകൾ മറ്റു വഴികളിലേയ്ക്കു തിരിച്ചു വിട്ടതായും സെന്‍റകോം പറഞ്ഞു.
അതേ സമയം മാനുഷിക സഹായങ്ങളുമായി പോയ 42 കപ്പലുകൾക്ക് കടന്നു പോകാൻ അനുമതി നൽകിയതായും യുഎസ് സൈന്യം വ്യക്തമാക്കി. ഈ പുതിയ ആക്രമണത്തോടെ ഒമാൻ ഉൾക്കടലിലെ നാവിക സംഘർഷം കൂടുതൽ സങ്കീർണമായിരിക്കുകയാണ്.