
പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം; 7 സൈനികർ മരിച്ചതായി പാക് സേന, 90 സൈനികരെ വധിച്ചതായി ബിഎൽഎ
ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബലൂചിസ്താൻ തലസ്ഥാനമായ ക്വെറ്റയിൽ നിന്നും ടഫ്താനിലേക്ക് പോവുകയായിരുന്നു സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ 7 സൈനികർ മരിക്കുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പാക്കിസ്ഥാനിലെ ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ 90 പാക് സൈനികരെ വധിച്ചാതായാണ് ആക്രമണം നടത്തിയ ബലോച് ലിബറേഷൻ ആർമി (BLA) അവകാശപ്പെടുന്നത്.
ബിഎൽഎയുടെ ചാവേർ സംഘം മജിദ് ബ്രിഗേഡാണ് പാക് സൈന്യത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. 8 ബസുകളിലായാണ് സൈനികർ യാത്രചെയ്തിരുന്നുത്. ഇതിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച മറ്റൊരു വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ഒരു വാഹനം പൂർണമായും തകർന്നു. മറ്റൊരു വാഹനത്തിനു നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് പ്രയോഗിച്ചു. ഇതിന് പുറമേ വെടിവയ്പ്പും നടന്നു.