
വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലെ പഴയ നഗരത്തിൽ, റമദാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനയുടെ ദിവസം, പാത്രിയർക്കീസിന്റെ ഗുഹ എന്നറിയപ്പെടുന്ന ഇബ്രാഹിമി പള്ളിക്ക് സമീപമുള്ള ഒരു ചെക്ക്‌പോസ്റ്റിന് സമീപം ഇസ്രായേലി കുടിയേറ്റക്കാർ ഇസ്രായേലി പതാകകൾ വഹിച്ചുകൊണ്ട് നടക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ നടക്കുന്നു
photo credit: REUTERS/MUSSA QAWASMA
വെസ്റ്റ്ബാങ്കിൽ ഇസ്രയേലി പരമാധികാരം പ്രയോഗിക്കുന്നതിനുള്ള ബിൽ മുന്നോട്ടു വയ്ക്കുന്നതിന് ബുധനാഴ്ച നെസെറ്റ് അംഗീകാരം നൽകി. യൂദയായിലും സമരിയയിലും ഇസ്രയേലി പരമാധികാരത്തിന്‍റെ പ്രയോഗം-2025 എന്ന തലക്കെട്ടിലുള്ള ഈ ബിൽ എംകെ അവി മാവോസ്(നോം) ആണ് ആരംഭിച്ചത്. ഇസ്രയേലി പാർലമെന്‍റായ നെസെറ്റിൽ നടന്ന ചൂടേറിയ ചർച്ചയെ തുടർന്ന് 25-24 എന്ന നേരിയ വ്യത്യാസത്തിലാണ് വോട്ടെടുപ്പ് പാസായത്. ബിൽ ഇപ്പോൾ നെസെറ്റിന്‍റെ വിദേശകാര്യ, പ്രതിരോധ കമ്മിറ്റിയിലേയ്ക്ക് മാറ്റും. പ്ലീനത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും വോട്ടിനു മുമ്പ് അത് ചർച്ചയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്.
യൂദയായിലെയും സമരിയയിലെയും എല്ലാ കുടിയേറ്റ മേഖലകൾക്കും ഇസ്രയേൽ രാജ്യത്തിന്‍റെ നിയമങ്ങൾ, നീതിന്യായ വ്യവസ്ഥ, ഭരണം, പരമാധികാരം എന്നിവ ബാധകമാകും എന്ന് ബില്ലിനായുള്ള നിർദേശം വ്യവസ്ഥ ചെയ്യുന്നു. ഇതു നടപ്പിൽ വരുന്നതോടെ വളരെക്കാലമായി മുടങ്ങിക്കിടന്ന ഒരു ചരിത്രപരമായ തെറ്റ് തങ്ങൾ തിരുത്തുകയാണ് എന്നാണ് ഇത് അവതരിപ്പിച്ച മോവാസ് പ്ലീനത്തിൽ പറഞ്ഞത്. സർക്കാർ മടിച്ചു നിന്നതിനാൽ നെസെറ്റ് അംഗങ്ങൾ എന്ന നിലയിൽ പ്രവർത്തിക്കേണ്ടത് തങ്ങളുടെ കടമയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ച മാറ്റി വയ്ക്കണമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ അഭ്യർഥന താൻ നിരസിച്ചതായും വോട്ടെടുപ്പുമായി തങ്ങൾ മുന്നോട്ടു പോകുമെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു. വ്യാഴാഴ്ച
എംകെ അവി മാവോസ് നെസെറ്റിൽ
credit: YONATAN SINDEL/FLASH90
രാവിലെ യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസുമായി ഇസ്രയേൽ സന്ദർശനം നടത്തിയ സമയത്താണ് ബില്ലിൽ ആദ്യ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് പാസായില്ലെങ്കിൽ അത് മറ്റൊരു ആറു മാസത്തേയ്ക്ക് നെസെറ്റ് പ്ലീനത്തിൽ കൊണ്ടുവരാൻ കഴിയില്ല. മുമ്പും സമാനമായ ബില്ലുകൾ പല പാർലമെന്‍റേറിയൻമാരും അവതരിപ്പിച്ചിരുന്നു. "മാലെ അദുമിമിൽ പരമാധികാരത്തിന്‍റെ പ്രയോഗം' എന്ന പേരിൽ ഒരു അധിക ബില്ലും 32-9 ന് പാസാക്കി. എംകെ അവിഗ്ഡോർ ലിബർമാൻ (യിസ്രായേൽ ബെയ്റ്റെനു) ആണ് ഇത് ആരംഭിച്ചത്.
ഇസ്രയേൽ നിയമമനുസരിച്ച് ആറു ദിവസത്തെ യുദ്ധത്തിൽ ജോർദാനിൽ നിന്നു പിടിച്ചെടുത്ത പ്രദേശങ്ങളുടെ നിലവിലെ അവസ്ഥ, കിഴക്കൻ ജറുസലേം ഒഴികെ ബാക്കിയെല്ലാം താൽക്കാലിക യുദ്ധപരമായ അധിനിവേശം ആണ്. കൂടാതെ ഈ പ്രദേശങ്ങളുടെ നിയമപരമായ ഗവർണർ ഐഡിഎഫ് സെൻട്രൽ കമാൻഡിന്‍റെ കമാന്‍ഡിങ് ഓഫീസറാണ്.
ഓസ്ലോ ഉടമ്പടി
1990കളിൽ ഇസ്രയേലും പലസ്തീൻ അതോറിറ്റിയും തമ്മിൽ ഒപ്പു വച്ച ഓസ്ലോ ഉടമ്പടിയുടെ സമയത്ത്, പ്രദേശങ്ങളെ മൂന്നു വ്യത്യസ്ത പദവികളിലായി വിഭജിച്ചു.
ഏരിയ എ-പൂർണമായും പലസ്തീൻ. പലസ്തീനികളുടെ പൂർണ സുരക്ഷയുംസിവിലിയൻ നിയന്ത്രണവുമുള്ള പലസ്തീൻ പട്ടണങ്ങളും നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഏരിയ ബി-ഇസ്രയേലിന്‍റെ സുരക്ഷാ നിയന്ത്രണത്തിലും പലസ്തീനികളുടെ സിവിലിയൻ നിയന്ത്രണത്തിലുമുള്ളതാണ് ഇത്.
ഏരിയ സി- ഇസ്രയേലി സുരക്ഷയും സിവിലിയൻ നിയന്ത്രണവുമുള്ള ഏരിയ.
ഇസ്രയേലിലെ ഏകദേശം 500,000 കുടിയേറ്റക്കാർ പ്രധാനമായും ഈ ഏരിയ സിയിലാണ് താമസിക്കുന്നത്.
എതിർപ്പുകൾ നിരവധി:
ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ നിന്ന് കടുത്ത വിമർശനം ഏറ്റു വാങ്ങിയാണ് ഇസ്രയേലിലെ വലതുപക്ഷ മന്ത്രിമാർ മുഴുവൻ പ്രദേശത്തും ഇസ്രയേലിന്‍റെ പരമാധികാരത്തിനായി സമ്മർദ്ദം ചെലുത്തുന്നത്.
അബ്രഹാം അക്കോർഡ്സിനെതിര്:
വെസ്റ്റ് ബാങ്കിന്‍റെ പുതിയ പരമാധികാര പദവിയും ഇസ്രയേലുമായുള്ള കൂട്ടിച്ചേർക്കലും ഇസ്രയേൽ-ഇസ്ലാമിക രാജ്യങ്ങളുമായി ചെയ്ത അബ്രഹാം അക്കോർഡ്സിന് എതിരാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ പ്രതികരിച്ചിരുന്നു.
നാലാം ജനീവ കൺവൻഷന്‍റെ ലംഘനം
യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശത്ത് സാധാരണക്കാരെ താമസിപ്പിക്കുന്നത് നിയമ വിരുദ്ധമാക്കുന്ന നാലാം ജനീവ കൺവൻഷന്‍റെ ആർട്ടിക്കിൾ 49ന്‍റെ ലംഘനമായാണ് ഭൂരിഭാഗം അന്താരാഷ്ട്ര സംഘടനകളും ഈ വാസസ്ഥലങ്ങളെ കാണുന്നത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്കും എതിർപ്പ്
ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയും വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്‍റെ സാന്നിധ്യം ഇനി താൽക്കാലികമല്ലെന്നും അതിനാൽ അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ പരമാധികാരം സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നുമുള്ള ഒരു ഉപദേശക അഭിപ്രായമാണ് പുറപ്പെടുവിച്ചത്. എന്നാൽ ഇസ്രയേൽ പൗരന്മാരെ നാടു കടത്തുകയോ പ്രദേശങ്ങളിലേയ്ക്കു മാറ്റുകയോ ചെയ്തിട്ടില്ലെന്നും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു പരമാധികാരിയും അവിടെ മുമ്പ് ഇല്ലാതിരുന്നതിനാൽ ആ പ്രദേശം കൈവശപ്പെടുത്തിയിട്ടില്ലെന്നും ഇസ്രയേൽ വാദിച്ചു.