

ഇറാനിയൻ റിയാലിന്‍റെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ
ടെഹ്റാൻ: അമെരിക്കയുടെ നാവിക ഉപരോധം തുടരുമ്പോഴും രാജ്യത്തിനുള്ളിൽ അവശ്യ സാധനങ്ങൾ ലഭ്യമാണെന്നും ക്ഷാമമില്ലെന്നും ഇറാന്‍റെ ചേംബർ ഓഫ് ഗിൽഡ്സ് തലവൻ കാസിം നൗദെ ഫറാഹാനി. തങ്ങളുടെ പക്കൽ ആവശ്യത്തിന് ചരക്കുകൾ ലഭ്യമാണെങ്കിലും വിലക്കയറ്റം ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് അദ്ദേഹം ഇർന (IRNA) വാർത്താ ഏജൻസിയോട് പറഞ്ഞു. പഴയ ഗതാഗത പാതകൾക്ക് പകരം തീവണ്ടി, റോഡ് മാർഗങ്ങൾ ഉപയോഗിച്ച് ചരക്കുകൾ എത്തിക്കേണ്ടി വരുന്നത് കൂടുതൽ സമയവും സാമ്പത്തിക ചെലവും വരുത്തിവെക്കുന്നുണ്ടെന്നും ഈ ലോജിസ്റ്റിക് പ്രതിസന്ധികളാണ് സാധനങ്ങളുടെ വില ഉയരാൻ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായി തുടരുന്ന സാമ്പത്തിക ഉപരോധങ്ങൾക്ക് പുറമേ നിലവിലെ യുദ്ധസാഹചര്യവും കൂടി വന്നതോടെ ഇറാന്‍റെ സമ്പദ്‌വ്യവസ്ഥ കടുത്ത തകർച്ചയെയാണ് നേരിടുന്നത്. തിങ്കളാഴ്ച വാഷിംഗ്ടൺ പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങളെത്തുടർന്ന് ഇറാന്‍റെ കറൻസിയായ റിയാലിന്‍റെ മൂല്യം അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.