ഹോർമൂസിലെ യുഎസ് ഉപരോധം വെറും നോക്കു കുത്തി

ഉപരോധം മറികടന്ന് ഹോർമൂസ് കടന്നത് 34ലധികം എണ്ണക്കപ്പലുകൾ
 More than 34 oil tankers bypass blockade and pass through Hormuz

ഉപരോധം മറികടന്ന് ഹോർമൂസ് കടന്നത് 34ലധികം എണ്ണക്കപ്പലുകൾ

file photo

Updated on

വാഷിങ്ടൺ: ഇറാനെതിരേ അമെരിക്കയുടെ നാവിക ഉപരോധം നോക്കു കുത്തിയാക്കിക്കൊണ്ട് 34 ലധികം എണ്ണക്കപ്പലുകളാണ് ഇതു വരെ ഹോർമൂസ് കടന്നത്. ഇതിൽ 19 ടാങ്കറുകൾ ഇറാനിൽ നിന്നും പുറത്തു കടക്കുകയും 15 ടാങ്കറുകൾ ഇറാനിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് അമെരിക്കയുടെ ഉപരോധം ദുർബലമാണെന്നതിന്‍റെ തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉപരോധത്തെ മറികടന്ന് പുറത്തേയ്ക്കു പോയതിൽ ആറു കപ്പലുകൾ ഇറാനിയൻ എണ്ണയാണ് കൊണ്ടു പോയത്. ഇതിൽ ഇറാനിയൻ പതാക ഏന്തിയ സൂപ്പർ ടാങ്കറായ ഡോറെനയുമുണ്ട്. ഈ നീക്കത്തിലൂടെ 10.7 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ആണ് ഇറാൻ തീരം വിട്ടത്. ഏകദേശം 910 മില്യൺ ഡോളർ വരുമാനം ഇതിലൂടെ ഇറാന് ലഭിച്ചിട്ടുണ്ടെന്നതാണ് റിപ്പോർട്ട്.

ഏപ്രിൽ 13 മുതലാണ് ഇറാനു മേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽ നിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്ന് ആയിരുന്നു യുഎസിന്‍റെ പ്രഖ്യാപനം.

28 കപ്പലുകൾ ഇതു വരെ ഇറാൻ തുറമുഖത്തേയ്ക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഹോർമൂസ് കടലിടുക്ക് കടന്നു പോയ കപ്പലിന്‍റെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com