

യുഎസ് മധ്യസ്ഥതയിൽ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച
വാഷിങ്ടൺ: നാലു വർഷത്തിൽ അധികമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ശനി മുതൽതിങ്കൾ വരെ നീണ്ടു നിൽക്കുന്നതാണ് വെടിനിർത്തൽ. അമെരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ഭാഗമായാണ് താൽക്കാലിക വെടിനിർത്തലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയും സ്ഥിരീകരിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനിക്കെതിരായ വിജയം ആഘോഷിക്കുന്ന വിജയ ദിനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. റഷ്യയും യുക്രെയ്നും രണ്ടാം ലോകമഹായുദ്ധത്തിൽ പ്രധാന പങ്കു വഹിച്ചവരാണെന്ന് ട്രംപ് ഓർമിപ്പിച്ചു. വെടിനിർത്തൽ കാലയളവിൽ ഇരു രാജ്യങ്ങളും ആയിരം തടവുകാരെ വീതം കൈമാറാനും ധാരണയായി. പുടിനും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിനു പിന്നാലെയാണ് വെടിനിർത്തൽ കരാർ വന്നത്. തന്‍റെ നേരിട്ടുള്ള അഭ്യർഥന മാനിച്ചാണ് ഇരു രാജ്യങ്ങളും ഈ തീരുമാനമെടുത്തതെന്നാണ് ട്രംപിന്‍റെ അവകാശ വാദം. വെടിനിർത്തൽ കാലയളവിൽ എല്ലാ സൈനിക നീക്കങ്ങളും നിർത്തി വയ്ക്കും.