

യുക്രെയ്ൻ വിഷയത്തിൽ പുടിൻ അമെരിക്കയുടെ സുഹൃത്തല്ല യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ജെയ് ക്ലെയ്റ്റൺ
വാഷിങ്ടൺ: യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അമെരിക്കയുടെ സുഹൃത്തല്ലെന്ന് യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ജെയ് ക്ലെയ്റ്റൺ. റഷ്യൻ നേതാവിനെക്കുറിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്തിടെ സൗഹൃദപരമായ പരാമർശങ്ങൾ നടത്തിയതിനു പിന്നാലെയാണ് ക്ലെയ്റ്റന്‍റെ പ്രതികരണം.
എബിസി ന്യൂസിന്‍റെ ദിസ് വീക്ക് പരിപാടിയിൽ സംസാരിക്കവേയാണ് യുക്രെയ്ൻ വിഷയത്തിൽ പുടിൻ അമെരിക്കയുടെ സുഹൃത്തല്ലെന്നും ഇക്കാര്യത്തിൽ സംശയത്തിന് ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. പുടിനെ അടുത്തയിടെ ട്രംപ് സുഹൃത്തെന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ലോകത്തെ മൂന്നു പ്രധാന ആണവ ശക്തികളായ അമെരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള ചർച്ചകളുടെ പശ്ചാത്തലത്തിൽ ആ പ്രയോഗം തികച്ചും ഉചിതമാണെന്ന് ക്ലെയ്റ്റൺ പറഞ്ഞു.
വ്യാഴാഴ്ച പുടിനെ സുഹൃത്തെന്നു വിശേഷിപ്പിച്ചതിനെ ട്രംപ് ന്യായീകരിച്ചിരുന്നു. നാലായിരം ആണവായുധങ്ങളുള്ള രാജ്യത്തിന്‍റെ നേതാവിനെ ശത്രുവായി കാണുന്നതിനു പകരം സുഹൃത്തായി കാണുന്നതാണ് നല്ലതെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
2022ലാണ് റഷ്യ യുക്രെയ്നെതിരേ സൈനിക നടപടി ആരംഭിച്ചത്. സമാധാനത്തിനായി കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖല പൂർണമായും വിട്ടു നൽകണമെന്ന ആവശ്യത്തിൽ നിന്ന് പുടിൻ പിന്നോട്ടു പോയിട്ടില്ല. പുടിനെ ട്രംപ് സുഹൃത്തെന്നു വിശേഷിപ്പിച്ചതിനെ യുക്രെയ്ന്‍റെ യൂറോപ്യൻ സഖ്യ കക്ഷികൾ വിമർശിച്ചു. പുടിൻ ഞങ്ങളുടെ സുഹൃത്തല്ല, ഒരിക്കലും അങ്ങനെയാകുകയും ഇല്ല എന്നായിരുന്നു പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്‍റെ പ്രതികരണം. ട്രംപിന്‍റെ പരാമർശത്തെ കുറിച്ചു വ്യാഴാഴ്ച ചോദിച്ചപ്പോൾ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി പ്രതികരിച്ചില്ല.