
പൂജ്യങ്ങൾ എണ്ണിയെടുക്കാൻ ബുദ്ധിമുട്ടുള്ള വലിയ തുകകൾ കൊള്ളയടിക്കുന്നതൊക്കെ സിനിമകളിലോ, മണി ഹെയ്സ്റ്റ് പോലുള്ള വെബ് സീരീസുകളിലോ ഒക്കെയായിരിക്കും കണ്ടിട്ടുണ്ടാവുക. എന്നാൽ, ഇവിടെ നമ്മുടെ അയലത്തു തന്നെ അങ്ങനെയൊരു കൊള്ള നടന്നെന്ന് സംശയമുയർന്നിരിക്കുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരിക്കെ ഷെയ്ക്ക് ഹസീന കടത്തിയ പണത്തെക്കുറിച്ചാണ് രാജ്യത്തെ സെൻട്രൽ ബാങ്ക് ഗവർണർ എഹ്സാൻ മൻസൂർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കടത്തിയ പണത്തിന്‍റെ മൂല്യം രണ്ടര ലക്ഷം കോടി രൂപ- 25 എഴുതി പതിനൊന്ന് പൂജ്യം ഇടണം!
സർക്കാരിനു കീഴിലുള്ള വിവിധ സാമ്പത്തിക പദ്ധതികളുടെ മറവിലായിരുന്നത്രെ തട്ടിപ്പ്. സർക്കാരിലെ ഉന്നതരും രാജ്യത്തെ ചില വമ്പൻ കമ്പനികളും ചേർന്നു നടത്തിയ തട്ടിപ്പ്, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണെന്നാണ് എഹ്സാൻ മൻസൂർ പറയുന്നത്.
ബംഗ്ലാദേശിന്‍റെ സമ്പദ് വ്യവസ്ഥയിൽ ഇതുണ്ടാക്കിയ ആഘാതം ഇനിയും കണക്കാക്കാനിരിക്കുന്നതേയുള്ളൂ. മോഷ്ടിക്കാൻ ഏറ്റവും യോജിച്ച സ്ഥലം ബാങ്ക് ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള കളികളായിരുന്നു ഇതിനെല്ലാം പിന്നിലെന്നും മൻസൂർ. അദ്ദേഹം പറയുന്നതനുസരിച്ച്, സെൻട്രൽ ബാങ്കിന്‍റെയും വിവിധ സ്വകാര്യ ബാങ്കുകളുടെയും നിയന്ത്രണം ഡയറക്റ്റർ ബോർഡുകൾ വഴി കൈക്കലാക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്തത്. അതിനു ശേഷം വിവിധ കമ്പനികൾക്ക് കോടിക്കണക്കിന് ഡോളർ വായ്പ നൽകി. ഈ കമ്പനികളിൽ പലതും സാങ്കൽപ്പികമായിരുന്നു. ഈ പണം മുഴുവൻ അപ്പപ്പോൾ നിയമവിരുദ്ധമായി രാജ്യത്തിനു പുറത്തേക്കു കടത്തുകയായിരുന്നു എന്നും മൻസൂർ പറയുന്നു.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനു നേതൃത്വം നൽകുന്നത് സാമ്പത്തിക നൊബേലിന് അർഹനായ മുഹമ്മദ് യൂനിസാണ്. സെൻട്രൽ ബാങ്കിന്‍റെ താത്കാലിക മേധാവിയായി എഹ്സാൻ മൻസൂറിനെ നിയമച്ചതും യൂനിസിന്‍റെ സർക്കാർ തന്നെ. മൻസൂറാകട്ടെ, 27 വർഷം ഐഎംഎഫിൽ ജോലി ചെയ്തയാളാണ്. ഐഎംഎഫിലെ ഇത്രയും നീണ്ട സേവന കാലയളവിൽ ഒരിക്കൽപ്പോലും, ഏതെങ്കിലും രാജ്യത്തിന്‍റെ സർക്കാരിനെ നയിക്കുന്നവർ നേരിട്ട് ഇങ്ങനെയൊരു ബാങ്ക് കൊള്ളനടത്തിയതായി തനിക്ക് അറിവില്ലെന്ന് അദ്ദേഹം പറയുന്നു.
ബംഗ്ലാദേശിലെ ബാങ്കുകൾ പലതും മൃതപ്രായമായിരിക്കുന്നു എന്നാണ് ഇടക്കാല സർക്കാരിന്‍റെ വിലയിരുത്തൽ. വലിയ തുകയുടെ നിക്ഷേപങ്ങൾ തിരികെ ആവശ്യപ്പെടുന്നവർക്ക് ഉടനടി പണം മുഴുവൻ നൽകാൻ, ആരോഗ്യകരമായി പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് പോലും സാധിക്കുന്നില്ല.
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ സാമ്പത്തിക വളർച്ചയിൽ ഇന്ത്യയെപ്പോലും അതിശയിപ്പിച്ച രാജ്യമായിരുന്നു ബംഗ്ലാദേശ് അടുത്ത കാലം വരെ. ആ അവസ്ഥയിൽനിന്നാണ് പാക്കിസ്ഥാന്‍റെയും ശ്രീലങ്കയുടെയും പാതയിൽ വൻ സാമ്പത്തിക പ്രതിസന്ധിയെ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്.