
ഡമാസ്കസ്: ബാഷർ അൽ അസദിന്‍റെ ഭരണത്തിന് അന്ത്യം കുറിച്ച് സിറിയയെ മോചിപ്പിച്ചെന്ന് വിമതർ. തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തോടെ പ്രസിഡന്‍റ് അസദ് രാജ്യം വിട്ടെന്നാണ് സൂചന. അസദിന്‍റെ പതനത്തിനു പിന്നാലെ ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി.
തലസ്ഥാനമായ ഡമാസ്‌കസിൽ സ്ഥാപിച്ചിരുന്ന അസദിന്‍റെ പിതാവിന്‍റെ പ്രതിമകൾ ജനങ്ങൾ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ 50 വർഷമായി സിറയ ബാത്തിസ്റ്റ് ഭരണത്തിന്‍റെ അടിച്ചമർത്തലിലായിരുന്നുവെന്നും, അസാദിന്‍റെ 24 വർഷത്തെ ക്രൂരതകളും സ്വേച്ഛാധിപത്യവും കുടിയൊഴിപ്പിക്കലുമെല്ലാം അതിജീവിച്ച് നീണ്ട പോരാട്ടത്തിനു ശേഷം സിറിയയിൽ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.