
മ്യൂണിക്: ജർമനിയിലെ മ്യൂണിക്കിൽ അഫ്ഗാൻ അഭയാർഥി ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി. മ്യൂണിക് സുരക്ഷാ സമ്മേളനം വെളളിയാഴ്ച നടക്കാനിരിക്കെ സമ്മേളന വേദിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപമാണ് ആക്രമണം. വെർഡി യൂണിയൻ സംഘടിപ്പിച്ച പണിമുടക്കിൽ പങ്കെടുത്തവർ അടക്കം 28 പേർക്ക് പരുക്കേറ്റു.
ഔദ്യോഗിക കണക്കുകൾ പുറത്തു വിട്ടിട്ടില്ല. കാർ ഓടിച്ചിരുന്ന 24 വയസുള്ള അഫ്ഗാൻ അഭയാർഥിയായ അക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. മിനി കൂപ്പറാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സൂചന.
രണ്ടു പുരുഷന്മാർ കാറിൽ ഉണ്ടായിരുന്നു. ഒരാളെ മാത്രമേ അറസ്റ്റ് ചെയ്യാനായുള്ളൂ എന്ന് ദൃക്‌സാക്ഷികൾ. ജർമനിയിൽ അടുത്തയാഴ്ച നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷ ശക്തമാക്കിയിരിക്കുന്ന സമയത്താണ് ഈ ആക്രമണം എന്നത് ആശങ്കകൾ വർധിക്കാനിടയാക്കി.
യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്, യുക്രെയ്ൻ പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കി തുടങ്ങിയ നേതാക്കൾ വെള്ളിയാഴ്ച മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
ഇതോടെ പൊലീസ് സുരക്ഷ കൂടുതൽ കർശനമാക്കി. ജർമനിയിലെ ബാഗ്ഡെബർഗ് ക്രിസ്മസ് മാർക്കറ്റിൽ ആളുകളുടെ ഇടയിലേയ്ക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം നടന്നിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു. സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.