പാക്കിസ്ഥാനിൽ 20 പൊലീസ് ട്രെയിനികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്

വാരാന്ത്യ അവധിക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രെയിനികൾ സഞ്ചരിച്ച ബസ് മസ്തുങ്ങിന് സമീപം ക്വറ്റ–കറാച്ചി ദേശീയപാതയിൽ വച്ച് മോട്ടോർ സൈക്കിളുകളിലെത്തിയ ആയുധധാരികൾ തടയുകയായിരുന്നു
Representative image

പ്രതീകാത്മക ചിത്രം

Updated on: 

കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊലീസ് അക്കാദമിയിലെ 20 ട്രെയിനികളെ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. ശനിയാഴ്ചയാണ് സംഭവം. ബലൂചിസ്ഥാനിലെ കലാത്ത് ജില്ലയിലുള്ള പൊലീസ് പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തിവരികയായിരുന്ന ഉദ്യോഗസ്ഥരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വാരാന്ത്യ അവധിക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രെയിനികൾ സഞ്ചരിച്ച ബസ് മസ്തുങ്ങിന് സമീപം ക്വറ്റ–കറാച്ചി ദേശീയപാതയിൽ വച്ച് മോട്ടോർ സൈക്കിളുകളിലെത്തിയ ആയുധധാരികൾ തടയുകയായിരുന്നു. തുടർന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് തട്ടിക്കൊണ്ടുപോയി. പിന്നീട് ഡ്രൈവറെയും ബസിലുണ്ടായിരുന്ന മറ്റ് മൂന്ന് സാധാരണക്കാരെയും വിട്ടയച്ചെങ്കിലും 20 ട്രെയിനികളെ അക്രമികൾ തട്ടിക്കൊണ്ടുപോയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നിരോധിത വിഘടനവാദി സംഘടനകൾക്കും നിരോധിത ഭീകരസംഘടനയായ തെഹ്‌രീക് ഇ- താലിബാൻ പാക്കിസ്ഥാനും (ടിടിപി) എതിരേ ബലൂചിസ്ഥാനിൽ പാക് സുരക്ഷാസേന നടപടികൾ തുടരുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകൽ.

ജൂലൈയിൽ പ്രവിശ്യയിലെ മൂന്ന് സ്ഥലങ്ങളിൽ ഭീകരാക്രമണങ്ങൾ നടന്നിരുന്നു. സിയാറത്തിലെ മാംഗി അണക്കെട്ടിന് സമീപമുള്ള പൊലീസ് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ 27 പൊലീസുകാർ കൊല്ലപ്പെട്ടു. ചെക്ക്‌പോസ്റ്റിൽ ഒൻപത് പൊലീസുകാരെ കൊലപ്പെടുത്തിയ ഭീകരർ 18 പേരെ തട്ടിക്കൊണ്ടുപോയി. പിന്നീട് സിയാറത്തിന് സമീപമുള്ള സർഗൂൺ പർവതപ്രദേശത്ത് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാസവും കലാത്തിലെ ദേശീയപാതയിലുള്ള ചെക്ക്‌പോസ്റ്റിൽ നിന്ന് 23 പേരെ തട്ടിക്കൊണ്ടുപോയ ഭീകരരിൽ അഞ്ച് പേരെ സുരക്ഷാസേന വധിക്കുകയും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ സമീപ വർഷങ്ങളിൽ തട്ടിക്കൊണ്ടുപോകലുകളും സാധാരണക്കാർക്കും സുരക്ഷാസേനയ്ക്കും നേരെയുള്ള ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സർക്കാർ ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com