അമെരിക്കയിലെ ദക്ഷിണേഷ്യൻ വിദ്യാർഥികളെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പരാമർശം വിവാദത്തിൽ

റിപ്പബ്ലിക്കൻ പാർട്ടിയിലെ നിരവധി നേതാക്കളും ഡെമോക്രാറ്റിക് നേതാക്കളും പരാമർശത്തെ ‘വംശീയ’മെന്ന് വിമർശിച്ചു
Republican candidate Bo French, who made the controversial remark.

വിവാദ പരാമർശം നടത്തിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി ബോ ഫ്രഞ്ച്

Updated on

വാഷിങ്ടൺ: യുഎസിലെ ടെക്സസിലെ ഫുട്ബോൾ മത്സരത്തിലെ വിജയാഘോഷത്തിൽ പങ്കെടുത്ത ദക്ഷിണേഷ്യൻ വംശജരായ വിദ്യാർഥികളെ ‘പ്രശ്നം’ എന്ന് വിശേഷിപ്പിച്ച റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായി. പാർട്ടിയിലെ തന്നെ നിരവധി നേതാക്കളും ഡെമോക്രാറ്റിക് നേതാക്കളും പരാമർശത്തെ ‘വംശീയ’മെന്ന് വിമർശിച്ചു.

ടെക്സസ് റെയിൽറോഡ് കമ്മിഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ബോ ഫ്രഞ്ചാണ് വിവാദ പരാമർശം നടത്തിയത്. 10 കോടി കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന ഫ്രഞ്ച്, ടെക്സസ് ലോംഗ്‌ഹോൺസിന്‍റെ വിജയം ആഘോഷിക്കുന്ന ദക്ഷിണേഷ്യൻ വംശജരായ വിദ്യാർഥികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

‘വിദേശികൾ എത്ര അമെരിക്കക്കാരെ മാറ്റിപ്പാർപ്പിച്ചുവെന്ന്’ ചിത്രം വ്യക്തമാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. മറ്റൊരു പോസ്റ്റിൽ ഇതേ ചിത്രം പങ്കുവച്ച് ടെക്സസ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിലെ കാഴ്ചയും ഇത്തരത്തിലായിരുന്നുവെന്ന് പറഞ്ഞ ഫ്രഞ്ച്, സ്ഥിതിഗതികൾ താൻ കരുതിയതിലും മോശമാണെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ പരാമർശത്തെ വംശീയമെന്ന് വിശേഷിപ്പിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ രംഗത്തെത്തി. മറ്റ് റിപ്പബ്ലിക്കൻ നേതാക്കൾ ഫ്രഞ്ചിന്‍റെ പരാമർശത്തെ അപലപിക്കുമോയെന്നും ഇത്തരം അസഹിഷ്ണുതയും വംശീയതയും സാധാരണ നിലയിലാകുന്നത് നോക്കിനിൽക്കുമോയെന്നും അദ്ദേഹം എക്സിലെ പോസ്റ്റിൽ ചോദിച്ചു.

സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ജെയിംസ് തലാരിക്കോയും ഫ്രഞ്ചിനെതിരേ രംഗത്തെത്തി. ‘ടെക്സസിൽ വംശീയതയ്ക്ക് സ്ഥാനമില്ല’ എന്ന് പറഞ്ഞ അദ്ദേഹം ഫ്രഞ്ചിന്‍റെ പരാമർശത്തെ അപലപിക്കണമെന്നും ആവശ്യപ്പെട്ടു. ടെക്സസ് ഹൗസിലെ നിരവധി റിപ്പബ്ലിക്കൻ അംഗങ്ങളും ഫ്രഞ്ചിനെതിരേ പ്രതികരിച്ചു. പോസ്റ്റ് നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ഏകദേശം 19 ലക്ഷം ഏഷ്യൻ അമെരിക്കക്കാരാണ് ടെക്സസിലുള്ളത്. ഇതിൽ 4.5 ലക്ഷത്തിലധികം പേർ ഇന്ത്യൻ-അമെരിക്കക്കാരാണ്. വർധിച്ചുവരുന്ന കുടിയേറ്റ ജനസംഖ്യ പ്രത്യേകിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിൽ തെരഞ്ഞെടുപ്പ് വിഷയമായി മാറിയിട്ടുണ്ട്.

ഫ്രഞ്ചിന്‍റെ പരാമർശത്തിനെതിരേ നിരവധി ഇന്ത്യൻ-അമെരിക്കൻ സംഘടനകളും രംഗത്തെത്തി. ജനപ്രതിനിധികൾ ഇത്തരം പരാമർശങ്ങളെ അപലപിക്കണമെന്ന് ഹിന്ദു അമെരിക്കൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ വിദ്വേഷം ഉയർന്ന നിലയിലെത്തിയ സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി ഫ്രഞ്ചിന്‍റെ പരാമർശത്തെ ‘വിദ്വേഷവും വിദേശവിരുദ്ധതയും നിറഞ്ഞത്’ എന്ന് വിശേഷിപ്പിച്ചു. ദക്ഷിണേഷ്യൻ വിദ്യാർഥികളെ അവരുടെ രൂപം മാത്രം അടിസ്ഥാനമാക്കി അപമാനിക്കുകയായിരുന്നുവെന്നും ഇത്തരം വിദ്വേഷത്തിന് അമെരിക്കൻ രാഷ്ട്രീയത്തിലോ രാജ്യത്തോ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫ്രഞ്ചിന് ചില റിപ്പബ്ലിക്കൻ നേതാക്കളുടെ പിന്തുണയും ലഭിച്ചു. ഫ്രഞ്ചിനെ കുറ്റപ്പെടുത്തിയ കോർണിനെ മുൻ ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി അധ്യക്ഷൻ മാറ്റ് റിനാൾഡി വിമർശിച്ചു.

logo
Metro Vaartha
www.metrovaartha.com