ബ്രിട്ടിഷ് മന്ത്രിസഭയിൽ അഴിച്ചു പണി; ഡേവിഡ് കാമറൂൺ വിദേശകാര്യ സെക്രട്ടറി

43കാരി സുവെല്ലയ്ക്കു പകരമായി വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലിക്ക് ആഭ്യന്തര വകുപ്പിന്‍റെ ചുമതല നൽകി.
ഡേവിഡ് കാമറൂൺ
ഡേവിഡ് കാമറൂൺ

ലണ്ടൻ: മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ വിദേശകാര്യ സെക്രട്ടറിയാക്കി ബ്രിട്ടിഷ് മന്ത്രിസഭയിൽ പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ അഴിച്ചുപണി. തീവ്ര വലതുപക്ഷവാദിയും ഇന്ത്യൻ വംശജയുമായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനെ പുറത്താക്കിക്കൊണ്ടു നടത്തിയ പുനഃസംഘടനയിലാണു സജീവ രാഷ്‌ട്രീയത്തിലേക്ക് കാമറൂണിന്‍റെ തിരിച്ചുവരവ്.

43കാരി സുവെല്ലയ്ക്കു പകരമായി വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവർലിക്ക് ആഭ്യന്തര വകുപ്പിന്‍റെ ചുമതല നൽകി. തുടർന്നാണ് കാമറൂണിനെ സുപ്രധാന ചുമതലയിൽ നിയോഗിച്ചത്. ഒരിക്കൽ കാമറൂണിന്‍റെ മന്ത്രിസഭയിൽ ജൂനിയർ മന്ത്രിയായിരുന്നു, ഇന്നത്തെ പ്രധാനമന്ത്രി സുനക്. കാമറൂൺ നിലവിൽ എംപിയല്ല. പാർലമെന്‍ററി പ്രോട്ടൊകോൾ പാലിക്കാൻ അദ്ദേഹത്തെ പ്രഭു സഭയിൽ അംഗമാക്കും.

പലസ്തീൻ അനുകൂല പ്രകടനങ്ങളോടു പൊലീസ് സ്വീകരിക്കുന്ന മൃദു നയത്തെ വിമർശിച്ചതിന്‍റെ പേരിലാണ് സുവെല്ലയ്ക്ക് സ്ഥാനനഷ്ടം. ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിക്കാനായത് തനിക്കു കിട്ടിയ അംഗീകാരമാണെന്നും പലതും പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു.

യുകെയിൽ 5 ദിവസത്തെ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കെയാണു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്ന് ക്ലെവർലിയെ നീക്കിയത്. ഇനി കാമറൂണും ജയശങ്കറും തമ്മിലാകുമോ കൂടിക്കാഴ്ച എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞദിവസം ഋഷി സുനക്കിനെ ജയശങ്കർ കണ്ടിരുന്നു.

അഴിച്ചുപണിക്കിടെ, 4 ജൂനിയർ മന്ത്രിമാരും രാജിവച്ചു. സ്കൂൾ മന്ത്രി നിക് ഗിബ്, ആരോഗ്യ മന്ത്രി നീൽ ഒബ്രിയൻ, സാമൂഹികക്ഷേമ മന്ത്രി വിൽ ക്വിൻസ്, ട്രാൻസ്പോർട്ട് മന്ത്രി ജെസി നോർമൻ എന്നിവരാണു രാജിനൽകിയത്.

ഋഷിക്ക് കരുത്തും കഴിവുമുണ്ട്: കാമറൂൺ

2010 മുതൽ 2016 വരെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നു താൻ. 2005- 2016 കാലത്ത് കൺസർവേറ്റിവ് പാർട്ടിയുടെ പ്രസിഡന്‍റായും പ്രവർത്തിച്ചു. രണ്ടു പദവികളിലെയും പ്രവർത്തന പരിചയം പുതിയ ചുമതലയിൽ സഹായകമാകും. ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും, ഋഷി സുനക് കരുത്തും കഴിവുമുള്ള പ്രധാനമന്ത്രിയാണ്. ഏറെ വെല്ലുവിളികൾ നേരിടുന്ന കാലത്ത് മികച്ച നേതൃത്വമാണ് അദ്ദേഹം നൽകുന്നത്- കാമറൂൺ പറഞ്ഞു.

2016ൽ ബ്രെക്സിറ്റ് ഹിതപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് കാമറൂൺ രാജിവച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നായിരുന്നു കാമറൂണിന്‍റെ നിലപാട്. എന്നാൽ, ഹിതപരിശോധനയിൽ ഈ നിലപാട് പരാജയപ്പെട്ടു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവരണമെന്ന അഭിപ്രായത്തിനൊപ്പമായിരുന്നു അന്നു ജൂനിയർ മന്ത്രിയായിരുന്ന ഋഷി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com