
വി.കെ. സഞ്ജു
ഒരുപാട് അനിശ്ചിതത്വങ്ങൾ ബാക്കിവച്ചുകൊണ്ട് ജർമനിയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പൂർത്തിയായി; സോഷ്യലിസ്റ്റ് സർക്കാർ നിലംപൊത്തി, സിഡിയു/സിഎസ്‌യു യാഥാസ്ഥിതിക സഖ്യം അധികാരത്തിലേറുമെന്നുറപ്പായി. അതേസമയം, ജർമൻ വോട്ടർമാരിൽ ഇരുപതു ശതമാനം പേരും തീവ്ര വലതുപക്ഷമായ എഎഫ്‌ഡിയിലേക്കുള്ള ചായ്‌വ് പ്രകടമാക്കുന്നുമുണ്ട്; അതിനു ബദൽ എന്നോണം തീവ്ര ഇടതുപക്ഷത്തിന്‍റെ അപ്രതീക്ഷിത മുന്നേറ്റത്തിനും ജർമനി സാക്ഷ്യം വഹിക്കുകയാണ്.
യാഥാസ്ഥിതിക സഖ്യമായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനെയും (CDU) അവരുടെ ബവേറിയൻ സഹോദര സംഘടനയായ ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയനെയും (CSU) പ്രതിനിധീകരിക്കുന്ന ഫ്രെഡറിക് മെർസ് ആയിരിക്കും ജർമനിയുടെ അടുത്ത ചാൻസലർ. എന്നാൽ, 28% മാത്രം വോട്ട് നേടിയ യാഥാസ്ഥിതിക പക്ഷത്തിന് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനാവില്ല. 30 ശതമാനത്തിലധികം വോട്ട് പ്രതീക്ഷിച്ച സിഎസ്‌യു - സിഡിയു കൺസർവേറ്റീവ് ബ്ലോക്കിന് പൂർണ തൃപ്തി നൽകുന്നതല്ല ഈ തെരഞ്ഞെടുപ്പ് വിജയം.
എഎഫ്‌ഡി മുന്നോട്ടു വയ്ക്കുന്ന തീവ്ര വലതുപക്ഷ ആശയങ്ങൾ ഒരു പരിധി വരെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവിലേക്കാണ് രാജ്യത്തെ മുഖ്യധാരാ പ്രസ്ഥാനങ്ങൾ ഈ തെരഞ്ഞെടുപ്പോടെ എത്തിച്ചേരുന്നത്. തീവ്ര വലതുപക്ഷത്തിനു ബദലായി തീവ്ര ഇടതുപക്ഷം വളർന്നുവരുന്നതിനെക്കുറിച്ചുള്ള ആശങ്ക വേറെയും.
യുദ്ധാനന്തര ജർമനിയുടെ ചരിത്രത്തിലാദ്യമായി ഒരു തീവ്ര വലതുപക്ഷ പ്രസ്ഥാനം - എഎഫ്‌ഡി - പാർലമെന്‍റിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും നിർണായകമായ ഘടകം. എന്നാൽ, ഒരു സാഹചര്യത്തിലും വലതുപക്ഷവുമായി സഖ്യം വേണ്ടെന്നാണ് മുഖ്യധാരാ പാർട്ടികളുടെ നിലപാട്. അതിനാൽ ഓൾട്ടർനേറ്റിവ് ഫൊർ ജർമനി (AFD) കൂട്ടുകക്ഷി സർക്കാരിന്‍റെ ഭാഗമാകില്ലെന്നു കരുതാം. പക്ഷേ, ഇനിയൊരു ടേമിൽ കൂടി അവരെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനുള്ള ശേഷി മുഖ്യധാരാ രാഷ്ട്രീയത്തിനുണ്ടെന്ന് ഉറപ്പില്ല.
''അവർ ഞങ്ങളെ പകുതിയാക്കാൻ ശ്രമിച്ചു, പക്ഷേ, ഞങ്ങൾ ഇരട്ടിയായി'' എന്നാണ് തെരഞ്ഞെടുപ്പിലെ വമ്പൻ മുന്നേറ്റത്തിനു ശേഷം എഎഫ്‌ഡി അധ്യക്ഷ ആലീസ് വീഡൽ ഊറ്റം കൊണ്ടത്. യൂറോ കറൻസിക്കെതിരായ പ്രസ്ഥാനമായി രൂപം കൊണ്ട എഎഫ്‌ഡി ക്രമേണ കുടിയേറ്റവിരുദ്ധതയും മുസ്ലിം വിരുദ്ധതയും അവരുടെ മുഖമുദ്രയാക്കി മാറ്റിയിരുന്നു. ഇമിഗ്രേഷനെതിരേ റീമിഗ്രേഷൻ (Remigration) എന്ന ക്യാംപെയ്ൻ മുൻനിർത്തിയാണ് അവർ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതു തന്നെ.
എഎഫ്‌ഡിക്ക് അധികാരം കിട്ടിയില്ലെങ്കിൽ പോലും, അവരുടെ കുടിയേറ്റ-അഭയാർഥിത്വ വിരുദ്ധ നയങ്ങളിലേക്കു ചായാൻ മുഖ്യധാരാ പാർട്ടികളെ പ്രേരിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പ് ഫലം കാരണമാകും എന്നതിൽ സംശയമില്ല. അടുത്ത സർക്കാരിന് കുടിയേറ്റ നിയന്ത്രണം സംബന്ധിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ എഎഫ്‌ഡിയുടെ സഹായത്തോടെ മാത്രമേ സാധിക്കൂ എന്ന ആലിസ് വീഡലിന്‍റെ പ്രഖ്യാപനം വെറും വാക്കല്ല.
വലതുപക്ഷവുമായി സഖ്യത്തിനില്ലെന്ന നിലപാടിൽ തന്നെയാണ് കൺസർവേറ്റീവ് വിഭാഗം നിലകൊള്ളുന്നത്. ആഭ്യന്തര വിഷയങ്ങളിൽ മാത്രമല്ല, വിദേശ നയത്തിന്‍റെയും സാമ്പത്തിക നയത്തിന്‍റെയും കാര്യത്തിൽ ജർമനിയിലെ മുഖ്യധാരാ പാർട്ടികളുടേതിൽനിന്നു വിപരീതമാണ് എഎഫ്‌ഡിയുടെ നയം. യൂറോപ്യൻ യൂണിയനും നാറ്റോ സഖ്യവും അടക്കം പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണത്. ജർമൻ പാർലമെന്‍റായ ബുണ്ടസ്‌ടാഗിലെ മുഖ്യ പ്രതിപക്ഷം എന്ന നിലയിൽ അടുത്ത ടേമിൽ ഇക്കാര്യങ്ങളിൽ കൂടുതൽ കരുത്തുള്ള സമ്മർദ ശക്തിയായി അവർക്കു പ്രവർത്തിക്കാനാവും.
അതേസമയം, സിഡിയു/സിഎസ്‌യു പക്ഷം തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുമോ എന്ന കാര്യത്തിൽ ജർമൻ ജനതയ്ക്ക് അനിശ്ചിതത്വം അനുഭവപ്പെട്ടതാണ് അവർ എഎഫ്‌ഡിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കാരണമായതെന്നാണ് സിഎസ്‌യു നേതാവ് മാർക്കസ് സോഡർ വിലയിരുത്തുന്നത്. യാഥാസ്ഥിതിക പക്ഷത്തുനിന്നുകൊണ്ടു തന്നെ കടുത്ത അഭയാർഥിത്വ വിരുദ്ധ നിലപാട് പുലർത്തുന്ന നേതാവാണ് സോഡർ. അംഗല മാർക്കൽ ജർമൻ ചാൻസലറായിരിക്കെ അഭയാർഥികൾക്ക് അനുകൂലമായി സ്വീകരിച്ച ഉദാര സമീപനത്തിനെതിരേ അന്നു മുതൽ പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട് അദ്ദേഹം. ഈ വിഷയത്തിൽ രാജ്യത്തിന്‍റെ ദിശ എന്താണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമേ വലതുപക്ഷ പ്രസ്ഥാനത്തിന്‍റെ മുന്നേറ്റം ചെറുക്കാൻ സാധിക്കൂ എന്നാണ് അദ്ദേഹം ഇപ്പോഴും വാദിക്കുന്നത്.
എഎഫ്‌ഡിയുമായി സഖ്യ സാധ്യതയില്ലാത്തതിനാൽ, ഇപ്പോൾ ഭരണത്തിൽ നിന്നു പുറത്തായ സോഷ്യൽ ഡെമോക്രാറ്റിക് യൂണിയനെ (SPD) കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാവും കൺസർവേറ്റീവുകളുടെ ശ്രമം. 1890നു ശേഷമുള്ള ഏറ്റവും ദയനീയമായ തെരഞ്ഞെടുപ്പ് പ്രകടനം നടത്തിയ എസ്‌പിഡിക്ക് ഇക്കുറി 16 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കുന്ന ഒരേയൊരു ജർമൻ ചാൻസലറായി മാറി അവരുടെ നേതാവ് ഒലാഫ് ഷോൾസ്. ഇങ്ങനെയൊരു സാഹചര്യത്തിലുള്ള സർക്കാർ രൂപീകരണത്തിന്, പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിയുടെ കൂടി പിന്തുണ കൺസർവേറ്റീവ് വിഭാഗത്തിന് ആവശ്യമായി വരും. 11% വോട്ട് അവർ നേടിയിട്ടുണ്ട്.
എസ്‌പിഡിക്കു മാത്രമല്ല, വ്യവസായ ലോബികളെ പ്രതിനിധീകരിക്കുന്ന ഫ്രീ ഡെമോക്രാറ്റിക് പാർട്ടിക്കും (FDP) കനത്ത തിരിച്ചടിയാണ് ജർമനിക്കാർ തെരഞ്ഞെടുപ്പിൽ നൽകിയിരിക്കുന്നത്. പാർലമെന്‍റ് പ്രാതിനിധ്യത്തിന് അനിവാര്യമായ അഞ്ച് ശതമാനം വോട്ട് വിഹിതം പോലും അവർക്കു കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ അടുത്ത സർക്കാരിൽ അവർക്ക് പങ്കാളിത്തം ഉറപ്പിക്കാൻ കഴിയുമായിരുന്നു.
തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ഒരേയൊരു പാർട്ടി ഇടതുപക്ഷമാണ്. കഴിഞ്ഞ വർഷം ഇടതുപക്ഷ സഖ്യത്തിൽ പിളർപ്പുണ്ടായ ശേഷം ഇടതു പാർട്ടിക്ക് മൂന്ന് ശതമാനം വോട്ട് വിഹിതം മാത്രമാണ് അഭിപ്രായ സർവേകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അവർ പാർലമെന്‍റ് പ്രാതനിധ്യം നേടിയെന്നു മാത്രമല്ല, എട്ട് ശതമാനം വോട്ടും സ്വന്തമാക്കിയിട്ടുണ്ട് ഇത്തവണ. പക്ഷേ, ഇടതുപക്ഷവുമായി മുന്നണിയുണ്ടാക്കില്ലെന്ന് കൺസർവേറ്റീവുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അവർക്ക് സർക്കാരിൽ പ്രാതിനിധ്യം കിട്ടില്ല.
അതേസമയം, ഇടതുപക്ഷത്തിന്‍റെ വളർച്ചയ്ക്കു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് വലതുപക്ഷത്തിന്‍റെ മുന്നേറ്റമാണ് എന്നതും കൗതുകരമാണ്. തീവ്ര വലതുപക്ഷ ആശയങ്ങൾക്കു ബദലായി തീവ്ര ഇടതുപക്ഷ ആശയങ്ങൾ രാജ്യത്ത് വീണ്ടും ഉയർന്നു വരുന്നതിന്‍റെ സൂചനയാണിത്. അതിനെയും മുഖ്യധാരാ പാർട്ടികൾ ശുഭസൂചനയായല്ല കാണുന്നത്. അതുകൊണ്ടു തന്നെ തീവ്ര ഇടത് - വലത് പ്രസ്ഥാനങ്ങളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ, സിഡിയു/സിഎസ്‌യു - എസ്‌പിഡി സഖ്യം രൂപംകൊള്ളുകയും അവർ ഗ്രീൻ പാർട്ടിയുടെ പിന്തുണയോടെ ഭരിക്കുകയും ചെയ്യാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.