ഇറാഖ് പോലുമറിഞ്ഞില്ല! ഇറാനെതിരേ ഇറാഖിൽ ഇസ്രയേലിന്‍റെ രഹസ്യത്താവളം

കണ്ടു പിടിച്ചത് ഒരു ഇറാഖി ആട്ടിടയൻ
Even Iraq didn't know!
Israel's secret base in Iraq against Iran

ഇറാനെതിരേ ഇറാഖിൽ ഇസ്രയേലിന്‍റെ രഹസ്യത്താവളം

Updated on

വാഷിങ്ടൺ: ഇറാനെതിരേയുള്ള പോരാട്ടത്തിന് ഇറാഖിൽ രഹസ്യത്താവളം ഒരുക്കി ഇസ്രയേൽ. ഇറാഖ് പോലും അറിയാതെയാണ് അവരുടെ രാജ്യത്ത് ഇസ്രയേൽ ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്. അമെരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

അമെരിക്കയുമായുള്ള രഹസ്യ ധാരണയുടെ പുറത്താണ് ഇസ്രയേൽ ഇറാഖിന്‍റെ കണ്ണു വെട്ടിച്ച് ഈ നീക്കം വിജയകരമാക്കിയത്. ഇറാഖ് മരുഭൂമിയിൽ യാദൃശ്ചികമായി എത്തപ്പെട്ട ഒരു ഇറാഖി ആട്ടിയന്‍ മരുഭൂമിയിൽ ചില സംശയകരമായ നീക്കങ്ങൾ കണ്ടത് ഇറാഖ് സൈന്യത്തെ അറിയിച്ചതോടെയാണ് സർക്കാർ ഇസ്രയേലിന്‍റെ രഹസ്യത്താവള നിർമാണ വിവരം അറിഞ്ഞത്.

ആടിനെ മേയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ അസാധാരണമാം വിധം താഴ്ന്നു പറക്കുന്നത് ഇടയന്‍റെ ശ്രദ്ധയിൽ പെട്ടു. സംശയകരമായി ഈ മരുഭൂമിയിൽ എന്തോ നടക്കുന്നതായി തോന്നിയ ഇടയൻ വിവരം ഇറാഖി സൈന്യത്തെ അറിയിച്ചു. എന്നാൽ ഇറാഖി സൈന്യം അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ സൈനികർ തങ്ങളുടെ രഹസ്യത്താവളത്തിൽ എത്താതിരിക്കാൻ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്.

ആക്രമണത്തിൽ ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇറാഖ് രണ്ടു സൈനിക സംഘങ്ങളെക്കൂടി അവിടേയ്ക്ക് അയച്ചു. അടുത്തിടെ വരെ ഇസ്രയേലി സൈനിക സാന്നിധ്യം ഇറാഖിന്‍റെ ആ മരുഭൂമിയിൽ ഉണ്ടായിരുന്നു എന്ന തെളിവുകൾ ശേഖരിച്ച് ഇറാഖി സൈന്യം മടങ്ങി.

ഇറാനെതിരായ വ്യോമാക്രമണങ്ങൾക്ക് പിന്തുണ നൽകാനാണ് ഇസ്രയേൽ ഇറാഖ് മരുഭൂമിയിൽ രഹസ്യ സൈനികത്താവളം സ്ഥാപിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണൽ പറയുന്നു. യുദ്ധം തുടങ്ങുന്നതിനു തൊട്ടു മുമ്പാണ് ഈ താവളം സജ്ജീകരിച്ചത്.ഈ കേന്ദ്രത്തിൽ ഇസ്രയേൽ പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേൽ വ്യോമസേനയുടെ ലോജിസ്റ്റിക് ഹബ്ബായും ഇത് പ്രവർത്തിച്ചു. ഇറാന്‍റെ വ്യോമാതിർത്തിക്കുള്ളിൽ ഇസ്രയേൽ വിമാനങ്ങൾ തകർന്നാൽ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള തെരച്ചിൽ രക്ഷാ സംഘങ്ങളെയും ഇവിടെ സജ്ജമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com