

ലിയോ പതിനാലാമൻ മാർപ്പാപ്പ
file photo
വത്തിക്കാൻ: പുതുവർഷത്തിൽ ദൈവത്തിൽ ശരണപ്പെട്ട് ഓരോരുത്തരും മുന്നോട്ടു പോകണം എന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. 2025ലെ അവസാന ദിവസത്തിലെ പൊതു കൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസംബോധന ചെയ്താണ് മാർപ്പാപ്പ ഈ സന്ദേശം നൽകിയത്.
വിശുദ്ധ പൗലോസ് ശ്ലീഹ എഫേസോസുകാർക്ക് എഴുതിയ ലേഖനം മൂന്നാം അധ്യായം ഇരുപതും ഇരുപത്തൊന്നും വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പാ നടത്തിയ പ്രസംഗം. പ്രത്യാശയുടെ ജൂബിലി വർഷത്തിൽ നിരവധി വിശ്വാസികളുടെ തീർഥാടനം പോലുള്ള സന്തോഷകരമായ അനുഭവങ്ങളും പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയുടെ വിയോഗവും ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധ സാഹചര്യങ്ങളും എല്ലാം 2025 ലുണ്ടായി.
സന്തോഷവും ദു:ഖവുമെല്ലാം ദൈവത്തിനു സമർപ്പിക്കാനും കൃപയുടെയും കരുണയുടെയും അത്ഭുതങ്ങൾ വർഷിക്കപ്പെടാൻ ദൈവത്തോടു അപേക്ഷിക്കാനും സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തു തന്ന കാര്യങ്ങളെ കുറിച്ച് വിചിന്തനം ചെയ്യണം. ഇതോടൊപ്പം സത്യസന്ധമായി ആത്മപരിശോധന നടത്താനും അവിടുന്നു നമുക്കു നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നു എന്ന് വിലയിരുത്താനും സാധിക്കണം.
ലോകത്തെമ്പാടും നിന്ന് പത്രോസിന്‍റെ കല്ലറയ്ക്കരികിലെത്തി പ്രാർഥിക്കാനും ക്രിസ്തുവിനോടൊപ്പം ആയിരിക്കാനുമുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർഥാടകർ ഈ വർഷം ഇവിടെ എത്തിയിരുന്നു. നമ്മുടെ ജീവിതം തന്നെ ഒരു യാത്രയാണെന്നും ദൈവവുമായുള്ള കണ്ടു മുട്ടലിലും അവനുമായുള്ള പൂർണവും ശാശ്വതവുമായ കൂട്ടായ്മയിലുമാണ് അത് പൂർത്തീകരിക്കപ്പെടുകയെന്നുമാണ് ജൂബിലി തീർഥാടനം നമ്മെ ഓർമിപ്പിക്കുന്നതെന്നും മാർപ്പാപ്പ വ്യക്തമാക്കി.