

H3N2 വൈറസിന്‍റെ വകഭേദം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
symbolic picture
ജനീവ : ക്യാനഡയിലും ബ്രിട്ടനിലും ജപ്പാനിലും പുതിയ വൈറസ് പരത്തുന്ന പനി വ്യാപകമാകുന്നു. H3N2 വൈറസിന്‍റെ പുതിയ വകഭേദമാണ് ഈ രാജ്യങ്ങളിൽ കണ്ടു വരുന്നതെന്നും അതിവേഗമാണ് പനി പടരുന്നതെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. പുതിയ വൈറസ് വകഭേദത്തെ കുറിച്ച് ആരോഗ്യ വിദഗ്ധർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബ്രിട്ടനിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫ്ലൂ കേസ് മൂന്നിരട്ടി വർധനയുണ്ടായതായി ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് മേധാവി ജെയിംസ് മാക്കി വ്യക്തമാക്കി.
ക്യാനഡയിലും പനി പടരുന്നതായി സസ്കാച്ചെവൻ സർവകലാശാലയിലെ വൈറോളജിസ്റ്റ് ആഞ്ചല റാസ്മുസെൻ പറഞ്ഞു.ഈ വൈറസ് വകഭേദം മറ്റു വൈറസുകളെക്കാൾ കൂടുതൽ അപകടകാരിയാണെന്നും പ്രായമായവരും കുട്ടികളും ഏറെ ശ്രദ്ധ പുലർത്തണമെന്നും കൂട്ടിച്ചേർത്തു. മുൻപൊരിക്കലും ഉണ്ടാകാത്ത തരത്തിൽ വൻ തോതിൽ ജപ്പാനിലും പനി പടരുന്നതായി റാസ്മുസൈൻ കൂട്ടിച്ചേർത്തു.
ക്യാനഡയിലും ബ്രിട്ടനിലും പനി പടരുന്ന സാഹചര്യത്തിൽ അമെരിക്കയ്ക്കും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകി. അടച്ചു പൂട്ടൽ പ്രതിസന്ധിയിലായതിനാൽ നിലവിൽ അമെരിക്കയിലെ രോഗബാധിതരുടെ കണക്കുകൾ പുറത്തു വന്നിട്ടില്ല. അമെരിക്കയിലും നിരവധി പേർക്ക് ഈ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വൈറസ് ബാധ അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ.വെൻകിങ് ഷാങ് ബുധനാഴ്ച വ്യക്തമാക്കി. ജാപ്പനീസ് വാർത്താ ഏജൻസിയായ നിപ്പോൺ ടി.വി റിപ്പോർട്ട് ചെയ്തതനുസരിച്ച് നവംബർ നാലു വരെ ജപ്പാനിൽ പനി നിരക്ക് കഴിഞ്ഞ വർഷം ഇതേ സമയത്തേതിന്‍റെ ആറിരട്ടിയിൽ അധികമാണ്. പനി പടർന്നതിനെ തുടർന്ന് രാജ്യത്തെ 2,300 ലധികം ഡേ കെയറുകളും സ്കൂളുകളും അടച്ചു. അമെരിക്കയിൽ ആരോഗ്യ വകുപ്പിലുണ്ടായ കൂട്ടപ്പിരിച്ചുവിടലുകൾ ഡേറ്റാ ശേഖരിക്കലിനെ പ്രതികൂലമായി ബാധിക്കുമെന്ന് നാഷ്വില്ലിലുള്ള വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. വില്യം ഷാഫ്നർ പറഞ്ഞു.