

ഹാഫിസ് സയീദിനെ പ്രശംസിച്ചും ഇന്ത്യയ്‌ക്കെതിരേ ഭീഷണി മുഴക്കിയും മുന്‍ പാക് മന്ത്രി
ഇസ്‌ലാമാബാദ്: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരര്‍ക്കൊപ്പം വേദി പങ്കിട്ടു കൊണ്ട് സംഘടനയുടെ തലവന്‍ ഹാഫിസ് സയീദിനെ പ്രശംസിക്കുകയും, ഇന്ത്യയ്ക്കെതിരേ ഭീഷണി മുഴക്കുകയും ചെയ്ത പാക്കിസ്ഥാന്‍ മുന്‍ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിന്‍റെ നടപടി വിവാദത്തിലായി. മുതിര്‍ന്ന എല്‍ഇടി കമാന്‍ഡറും പാക്കിസ്ഥാന്‍ മര്‍കസി മുസ്‌ലിം ലീഗ് (പിഎംഎംഎല്‍) പ്രസിഡന്‍റുമായ ഖാലിദ് മസൂദ് സന്ധു, ഭീകരസംഘടനയുടെ കേന്ദ്ര ഉപദേശക സമിതി അംഗമായ ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവര്‍ക്കൊപ്പമാണ് മുന്‍മന്ത്രി റഷീദ് വേദി പങ്കിട്ടത്.
യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് റഷീദ് സംസാരിക്കുന്ന വിഡിയൊ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയൊയില്‍ സയീദിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് റഷീദ് നിരവധി പരാമര്‍ശങ്ങളാണ് നടത്തിയത്. 'ഞാന്‍ ഹാഫിസ് സാഹിബിന്‍റെ അടിമയാണ്,' എന്ന് റഷീദ് പറഞ്ഞതായി വീഡിയോയില്‍ കാണാം. അമെരിക്കയിലായിരുന്നപ്പോള്‍ സയീദിന്‍റെ ഫോണ്‍ നമ്പര്‍ തന്‍റെ ഫോണില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് തന്നെ ആ രാജ്യത്ത് നിന്ന് പുറത്താക്കിയെന്നും റഷീദ് അവകാശപ്പെട്ടു.
പാക്കിസ്ഥാനിലേക്ക് 'ഒന്ന് നോക്കിയാല്‍ പോലും' അള്ളാഹു ഇന്ത്യയെ നശിപ്പിക്കുമെന്ന് പറഞ്ഞ റഷീദ് 'ഇന്ത്യയില്‍ പക്ഷികള്‍ ചിലയ്ക്കില്ലെന്നും, ക്ഷേത്രങ്ങളില്‍ മണികള്‍ മുഴങ്ങുകയുമില്ലെന്നും' പറഞ്ഞു. ഇന്ത്യയില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ലെന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നു അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
'ഞങ്ങള്‍ പാക്കിസ്ഥാനൊപ്പമാണ്, ഹാഫിസ് സയീദിനൊപ്പമാണ്' എന്നും റഷീദ് പറഞ്ഞു. 2020 മുതല്‍ 2022 വരെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു റഷീദ്. അവാമി മുസ്ലീം ലീഗിന്‍റെ സ്ഥാപകനും നേതാവും കൂടിയാണ് റഷീദ്.