

ചെങ്കടലിൽ നങ്കൂരമിട്ട് അമെരിക്കൻ യുദ്ധക്കപ്പൽ
file photo
വാഷിങ്ടൺ: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ അമെരിക്കൻ യുദ്ധക്കപ്പൽ ചെങ്കടലിൽ നങ്കൂരമിട്ടു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെൽബർട്ട്.ഡി. ബ്ലാക്ക്(ഡിഡിജി-119) ആണ് ഇസ്രയേൽ തുറമുഖമായ എലാറ്റിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനുമായുള്ള വർധിച്ചു വരുന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഈ സംഭവം പ്രാധാന്യം അർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. വ്യോമ പ്രതിരോധം, മിസൈൽ പ്രതിരോധം, ക്രൂയിസ് മിസൈൽ(ടോമാഹോക്ക്) വിക്ഷേപണ ശേഷികൾ എന്നിവ നൽകുന്ന ഏജിസ് സിസ്റ്റം ഉൾപ്പെടുന്നതാണ് ഈ യുദ്ധ വിമാനം.
ഇസ്രയേലിന്‍റെ തെക്കൻ ചെങ്കടൽ തുറമുഖമാണ് എലാറ്റ്. യുഎസ് യുദ്ധക്കപ്പലുകൾ ചെങ്കടൽ മേഖലയിൽ ഇടയ്ക്കിടെ പട്രോളിങ് നടത്താറുണ്ടെങ്കിലും എലാറ്റ് തുറമുഖത്ത് അപൂർവമായി മാത്രമേ എത്താറുള്ളു. നിലവിൽ യുഎസ് എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിൽ എത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ ചെങ്കടലിൽ മറ്റൊരു യുദ്ധക്കപ്പൽ കൂടി എത്തിയിരിക്കുന്നത് മിഡിൽ ഈസ്റ്റിലെ യുദ്ധഭീതി വർധിപ്പിക്കുന്നതാണ്.