
ജക്കാർത്ത: റോഹിംഗ്യ മുസ്ലിം അഭയാർഥികളുമായെത്തിയ നാലാമത്തെ ബോട്ട് തീരത്തടുപ്പിക്കുന്നതിന് ഇന്തോനേഷ്യ രണ്ടാം തവണയും അനുമതി നിഷേധിച്ചു. പ്രാദേശിക എതിർപ്പിനെത്തുടർന്നാണിത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ വഹിക്കുന്ന ബോട്ട് ഇപ്പോഴും കടലിൽ തുടരുകയാണ്.
ചൊവ്വാഴ്ച ആച്ചെ ഉതാര തീരത്തെത്തിയ ബോട്ടിനാണ് അനുമതി നിഷേധിച്ചത്. നേരത്തേ, മൂന്നു ബോട്ടുകളിലായെത്തിയ അറുനൂറോളം പേർക്ക് വ്യത്യസ്ത തീരദേശ ജില്ലകളിലായി ഇറങ്ങാൻ അനുമതി നൽകിയിരുന്നു. എന്നാൽ, മുൻപ് വന്ന അഭയാർഥികൾ പല പ്രശ്നങ്ങൾക്കും ഇടയാക്കിയെന്നും ഇനി അതനുവദിക്കാനാവില്ലെന്നും ആച്ചെ ഉത്തരയിലെ ഉലീ മഡോൺ തീരത്തുള്ളവർ പ്രഖ്യാപിച്ചതോടെയാണ് നാലാം ബോട്ടിന് അനുമതി നിഷേധിച്ചത്. ""മാനുഷിക പരിഗണനയെന്ന വശത്തിൽ നോക്കുമ്പോൾ ഞങ്ങൾക്ക് ആശങ്കയുണ്ട്. എന്നാൽ, മറ്റൊരു വശം ചിന്തിച്ചാൽ അവർ ഇവിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നതാണ് മുൻ അനുഭവങ്ങൾ. അനുവദിച്ച ക്യാംപുകളിലൊതുങ്ങാൻ അവർ തയാറല്ല. പുറത്തിറങ്ങി ഞങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു''- പ്രാദേശിക നേതാവ് സൈഫുൾ അഫ്വാദി പറഞ്ഞു. മുൻപുണ്ടായ പ്രശ്നങ്ങൾ ആവർത്തിക്കുമെന്നാണ് നാട്ടുകാരുടെ ഭയമെന്ന് ഗ്രാമത്തലവൻ റഹ്മത്ത് കർപോലോ.
2017ൽ മ്യാൻമറിലുണ്ടായ സൈനിക നടപടിയെത്തുടർന്നാണ് ഏഴു ലക്ഷത്തിലേറെ റോഹിംഗ്യ മുസ്ലിം വിഭാഗക്കാർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. അവിടത്തെ ക്യാംപുകൾ നിറഞ്ഞെന്നും മെച്ചപ്പെട്ട ജീവിതം തേടിയാണ് ഇപ്പോഴത്തെ പലായനമെന്നും അഭയാർഥികൾ പറയുന്നു. മലേഷ്യ ലക്ഷ്യമിട്ടാണ് ഇവരിൽ ഭൂരിപക്ഷത്തിന്റെയും യാത്ര. എന്നാലിത് ഇന്തോനേഷ്യയിൽ അവസാനിക്കുകയാണ് പതിവ്. 1951ലെ യുഎൻ അഭയാർഥി കൺവെൻഷനിൽ ഇന്തോനേഷ്യ പങ്കാളിയല്ലെന്നും അതുകൊണ്ടുതന്നെ റോഹിംഗ്യകളെ സ്വീകരിക്കാൻ തങ്ങൾക്കു ബാധ്യതയില്ലെന്നും ഇന്തോനേഷ്യൻ വിദേശകാര്യ വക്താവ് ലാലു മുഹമ്മദ് ഇക്ബാൽ പറഞ്ഞു. ഉടമ്പടി ഒപ്പുവച്ച രാജ്യങ്ങൾ അഭയാർഥികൾക്കു മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുകയാണ്. തങ്ങളുടെ സഹാനുഭൂതി മുതലെടുക്കുകയാണ് ചിലരെന്നും മോഷണമുൾപ്പെടെ ക്രിമിനൽ പ്രവൃത്തികൾ ഇവരിൽ നിന്നുണ്ടാകുന്നുവെന്നും മുഹമ്മദ് ഇക്ബാൽ.