

ദുബായ് വിമാനത്താവളങ്ങൾ അതിജീവിച്ചത് 17 മിസൈൽ ആക്രമണങ്ങളെന്ന് അധികൃതർ
ദുബായ്: സംഘർഷകാലയളവിൽ ദുബായ് വിമാനത്താവളങ്ങൾ നേരിട്ടത് 17 മിസൈൽ ആക്രമണങ്ങളെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്സ് അറിയിച്ചു. ദുബായ് മീഡിയ ഓഫീസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഘർഷ ബാധിതമായ ഈ കാലയളവിൽ ആകെ 111 സുരക്ഷാ മുന്നറിയിപ്പുകളും 17 മിസൈൽ ആക്രമണങ്ങളുമാണ് വിമാനത്താവളത്തിന് നേരെ ഉണ്ടായത്.
എന്നാൽ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതിനാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വളരെ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്ന് പോൾ ഗ്രിഫിത്സ് പറഞ്ഞു. ആൾനാശമൊന്നും സംഭവിച്ചിട്ടില്ലെന്നും, ആക്രമണങ്ങളിൽ പരിക്കേറ്റ ഏതാനും പേർ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധികൾക്കിടയിലും ദുബായുടെ വ്യോമയാന മേഖല മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഈ വർഷത്തെ ആദ്യ പകുതിയിൽ 31.5 ദശലക്ഷം യാത്രക്കാരെയാണ് ദുബായ് വിമാനത്താവളങ്ങൾ കൈകാര്യം ചെയ്തത്. നിലവിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിന്‍റെ 84 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും, വരാനിരിക്കുന്ന ശീതകാല സീസണോടെ പൂർണതോതിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിഇഒ വ്യക്തമാക്കി.