ഉക്രെയ്നിലെ ഇന്ത്യൻ സ്റ്റീൽ പ്ലാന്‍റിനു നേരേ റഷ്യൻ മിസൈൽ ആക്രമണം

ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്‍റെ ഉടമസ്ഥതയിലുള്ള ആർസെലർ മിത്തൽ സ്റ്റീൽ പ്ലാന്‍റിനു നേരെ റഷ്യൻ മിസൈൽ ആക്രമണം
ഉക്രെയ്നിലെ ഇന്ത്യൻ സ്റ്റീൽ പ്ലാന്‍റിനു നേരേ റഷ്യൻ മിസൈൽ ആക്രമണം

യുക്രെയ്നിലെ ആർസലർ മിത്തൽ സ്റ്റീൽ പ്ലാന്‍റിൽ റഷ്യൽ മിസൈൽ ആക്രമണത്തെത്തുടർന്ന് തീപിടിച്ചപ്പോൾ.

Updated on

കീവ്: ഉക്രെയ്നിലെ വി റീഹ് നഗരത്തിൽ, ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്‍റെ ഉടമസ്ഥതയിലുള്ള ആർസെലർ മിത്തൽ സ്റ്റീൽ പ്ലാന്‍റിനു നേരെ റഷ്യൻ മിസൈൽ ആക്രമണം. രണ്ട് പേർ കൊല്ലപ്പെടുകയും 14 തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഉക്രെയ്ൻ പ്രസിഡന്‍റ് വോലോദിമിർ സെലെൻസ്‌കിയുടെ ജന്മസ്ഥലമാണ് വി റീഹ്. ഇവിടെ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റീൽ പ്ലാന്‍റായ ആർസെലർ മിത്തൽ ക്രിവി റീഹ് പ്ലാന്‍റാണ് ആക്രമണത്തിന് ഇരയായത്. പ്ലാന്‍റിലെ പവർ ജനറേഷൻ, ബ്ലാസ്റ്റ് ഫർണസ് എന്നീ പ്രധാന ഉത്പാദന യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് പ്ലാന്‍റിന്‍റെ പ്രവർത്തനം ഭാഗികമായി നിർത്തിവയ്ക്കാൻ കാരണമായി.

ഉക്രെയ്ൻ 800-ലധികം ഡ്രോണുകൾ ഉപയോഗിച്ച് റഷ്യക്ക് നേരെ വലിയ തോതിലുള്ള ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് റഷ്യയുടെ പ്രത്യാക്രമണം ഉണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾ കൂടുതൽ തീവ്രമാകുന്നതിന്‍റെ ഭാഗമായാണ് ഈ സംഭവം.

റഷ്യൻ സൈന്യം ഉക്രെയ്ൻ തലസ്ഥാനമായ കീവിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. കീവിൽ മിസൈൽ പതിച്ച് വിവിധ ഇടങ്ങളിൽ തീപിടുത്തമുണ്ടാവുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യൻ ഭാഗത്തും ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റഷ്യ-ഉക്രെയ്ൻ സംഘർഷം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്‍റെ ഭാഗമായി, മോൾഡോവ വഴി റൊമാനിയൻ വ്യോമാതിർത്തിയിലേക്ക് കടന്ന ഡ്രോൺ നാറ്റോയുടെ സ്പാനിഷ് എഫ്-18 യുദ്ധവിമാനം വെടിവച്ചിട്ടതായി റൊമാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com